ഇടതുമുന്നണിക്ക് പരാജയഭീതി; ഓലപ്പാമ്പ് കാട്ടി യു.ഡി.എഫിനെ പേടിപ്പിക്കാന്‍ നോക്കേണ്ട: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, March 15, 2019

Ramesh-Chennithala

സംസ്ഥാനത്ത് ഇടതുമുന്നണിക്ക് പരാജയ ഭീതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കേസ് കൊണ്ടൊന്നും യു.ഡി.എഫിനെ ദുർബലപ്പെടുത്താനാവില്ലെന്ന് പറഞ്ഞ അദേഹം എം.എൽ.എമാർക്കെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും മാധ്യമങ്ങളോട് പറഞ്ഞു.

മൂന്ന് എം.എല്‍.എമാര്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് ശേഷമാണ് ആ മൂന്ന് എം.എല്‍.എമാര്‍ക്കെതിരെയും കേസ് ചാര്‍ജ് ചെയ്തത്. ഓലപ്പാമ്പ് കാട്ടി യു.ഡി.എഫിനെ പേടിപ്പിക്കേണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രാഷ്ട്രീയമായും നിയമപരമായും കേസ് നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഈ കേസ്. ശക്തമായ രാഷ്ട്രീയ തിരിച്ചടി സി.പി.എമ്മിന് കേരളം നല്‍കും. തിരുവനന്തപുരത്ത് രണ്ടോ മൂന്നോ പേര്‍ കൂടിയിരുന്ന് സി.പി.എമ്മിനെപ്പോലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക പാര്‍ട്ടിയല്ല. മതേതര നിലപാടിലുറച്ചുനിന്ന് യു.ഡി.എഫ് മുന്നോട്ടുപോകുമെന്ന് പറഞ്ഞ അദ്ദേഹം യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും യു.ഡി.എഫ് വന്‍ വിജയം നേടുമെന്നും പറഞ്ഞു.

സി.പി.എം നേരത്തേ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് വെയില്‍ കൊള്ളുകയാണ്. ഏറ്റവും മികച്ച സ്ഥാനാർഥിപ്പട്ടികയാവും യു.ഡി.എഫിന്‍റേത്. മാധ്യമങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കരുതെന്ന് പറഞ്ഞ അദ്ദേഹം ടോം വടക്കന്‍ പാര്‍ട്ടി വിട്ട വാര്‍ത്തയ്ക്ക് ഒരു ഗൌരവവും ഇല്ലെന്നും വ്യക്തമാക്കി.ബംഗാളില്‍ സി.പി.എം ഓഫീസുകള്‍ ബി.ജെ.പിക്ക് കൊടുക്കുകയാണ്. കേരളത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത കേരളത്തിലെ പരിപാടികളിലെ ജനപങ്കാളിത്തവും ആവേശവും ജനങ്ങളുടെ പള്‍സ് വ്യക്തമാക്കുന്നതാണ്. സി.പി.എം ചാനല്‍ സര്‍വേ നടത്തിയാല്‍പ്പോലും കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായേ ഫലം വരികയുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.[yop_poll id=2]