ജാനു പുറത്തുതന്നെ; പിള്ളയെയും വീരനെയും കൂടെക്കൂട്ടി ഇടതുമുന്നണി

Jaihind Webdesk
Wednesday, December 26, 2018

തിരുവനന്തപുരം: ജാനുവിനെ പുറത്തുനിര്‍ത്തി പിള്ളയും വീരനും ഐ.എന്‍.എലും ജനാധിപത്യ കേരളാ കോണ്‍ഗ്രസും മുന്നണിക്ക് അകത്ത്. ഇടതുമുന്നണി വിപുലീകരിച്ചു. എന്‍.ഡി.എ വിട്ട് ഇടതുമുന്നണിയില്‍ പ്രവേശനം കാത്തിരുന്ന സി.കെ. ജാനുവിനെ പുറത്തുനിര്‍ത്തി ഇടതുമുന്നണി വിപുലീകരിച്ചു. ഇന്ന് ചേര്‍ന്ന ഇടതുപക്ഷ മുന്നണിയോഗമാണ് ഈ കാര്യത്തില്‍ തീരുമാനം എടുത്തത്. ഒട്ടേറെ പാര്‍ട്ടികള്‍ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ കത്ത് നല്‍കിയിട്ടുണ്ടെന്നും ഇടതുമുന്നണി തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഇടതുമുന്നണിയില്‍ കേരള കോണ്‍ഗ്രസ് ബിയെ ഉള്‍പ്പെടുത്തിയ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് അഭിപ്രായപ്പെട്ട ബാലകൃഷ്ണപിള്ള നാല് പാര്‍ട്ടികള്‍ കൂടി വരുന്നതോടുകൂടി ഇടതുമുന്നണിയുടെ വോട്ടിങ് ശതമാനം 47 ശതമാനം ഉയരുമെന്ന് പറഞ്ഞു. ഇത് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും വ്യക്തമാക്കി. ഇനി കേരള കോണ്‍ഗ്രസ് ബിയുടെ നിലപാട് ഇടതുമുന്നണിയുടെ നിലപാടായിരിക്കുമെന്നും പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.