ലോക്സഭാ തെരഞ്ഞടുപ്പിലെ സീറ്റ് വിഭജന ചർച്ചകൾക്കായി ഇടതു മുന്നണി യോഗം ഇന്ന് ചേരും. പുതിയതായി മുന്നണിയിൽ എത്തിയ കക്ഷികൾ ഉൾപ്പെടെയുള്ളവർ സീറ്റിനായി അവകാശവാദം ഉന്നയിച്ചത് മുന്നണിയെ പ്രതിസന്ധിലാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ സീറ്റ് വിഭജനം ഇടതു മുന്നണിക്ക് കീറാമുട്ടിയാകും.
നിലവിൽ മത്സരിക്കുന്ന സീറ്റുകൾ വിട്ടുനൽകികൊണ്ട് ഉള്ള വീട്ടുവിഴ്ചയ്ക്ക് സി.പി.എമ്മും സി.പി.ഐ യും തയാറല്ല. സീറ്റുകൾ വെച്ചുമാറുന്നതിനെ കുറിച്ച് ചർച്ചകൾ സജീവമാണെങ്കിലും തിരുവനന്തപുരം മണ്ഡലം വിട്ടുനൽകാനാവില്ലെന്ന കടുത്ത നിലപാടിലാണ് സി.പി.ഐ.
വീരന്ദ്രേകുമാർ നേതൃത്വം നൽകുന്ന ജനതാദൾ ഒരു സീറ്റ് ആവശ്യപ്പെട്ടുവെങ്കിലും സി.പി.എം വഴങ്ങില്ല. വീരേന്ദ്രേകുമാറിന് രാജ്യസഭ എം.പി സ്ഥാനം നൽകിയതിനാൽ കൂടുതൽ അവകാശവാദങ്ങൾ അനുവദിക്കില്ലെന്ന് സി.പി.എം വ്യക്തമാക്കിക്കഴിഞ്ഞു. ജനാധിപത്യ കേരള കോൺഗ്രസ് കോട്ടയത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ടെങ്കിലും നിലവിൽ അത് ജനതാദൾ മത്സരിച്ചതിനാൽ ഇക്കാര്യത്തിൽ സി.പി.എം നിലപാട് നിർണായകമാകും. തിരുവനന്തപുരവും കോട്ടയവും ജനതാദളും സി.പി ഐയുമായും വെച്ചുമാറാനുള്ള നീക്കം സജീവമാണങ്കിലും സി.പി.ഐ വഴങ്ങിയിട്ടില്ല. ഭൂരിഭാഗം മണ്ഡലങ്ങളിൽ സ്ഥാനാർഥികളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്.
ഘടക കക്ഷി സ്ഥാനാർഥികളെ സി.പി.എം നിശ്ചയിക്കുന്ന അവസ്ഥയാണ് ഇപ്പോൾ മുന്നണിയിൽ നിലനിൽക്കുന്നത്. സി.പി.ഐ ഉൾപ്പെടെയുള്ള കക്ഷികൾ ഇതിന് വഴങ്ങുകയാണ്. നിലവിലെ സാഹചര്യത്തിൽ സി.പി.എമ്മും സിപി.ഐ യും ചേർന്ന് കാര്യങ്ങൾ നിശ്ചയിക്കുന്ന അവസ്ഥയാണ് ഇടതു മുന്നണിയിലുള്ളത്. മറ്റ് ഘടകകക്ഷികളെ നോക്കുകുത്തിയാക്കി സീറ്റ് വിഭജനം ഏകപക്ഷീയമാകാനാണ് സാധ്യത.