ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ ഇടത് പക്ഷത്തിന് നഷ്ടമായി : കേന്ദ്രകമ്മിറ്റി

Jaihind Webdesk
Monday, June 10, 2019

CPM-Central-Committee

ശബരിമല വിഷയത്തിൽ വിശ്വാസികളുടെ പിന്തുണ ഇടത് പക്ഷത്തിന് നഷ്ടമായെന്ന് സിപിഎം കേന്ദ്രകമ്മിറ്റി വിലയിരുത്തൽ. നഷ്ടപ്പെട്ട വിശ്വാസികളുടെ പിന്തുണ തിരിച്ചുകൊണ്ടുവരണമെന്നും തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ ദില്ലിയിൽ ചേർന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗം സംസ്ഥാന ഘടകത്തിന് നിർദേശം നൽകി.

പാർട്ടിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടികൾ മറികടന്ന് തിരിച്ചുവരാൻ 11 ഇന കർമ്മ പരിപാടികൾക്ക് സിപിഎം കേന്ദ്ര കമ്മിറ്റി രൂപം നൽകി. പാർട്ടിയിൽ നിന്ന് വഴിമാറിയ വോട്ടർമാരെ തിരിച്ചു കൊണ്ടുവരാനുള്ള നടപടിയുണ്ടാകും. കേരളത്തിൽ വിശ്വാസികളെ സാഹചര്യം ബോധ്യപ്പെടുത്തി കൂടെ നിർത്തും. പാർട്ടിയുടെ അടിത്തറ ശക്തമാക്കും. സംഘടനാ ദൗർബല്യം മറികടക്കും.

വർഗ ബഹുജന സഘടനകളെ ശാക്തീകരിച്ചു ബഹുജന മുന്നേറ്റങ്ങൾ. ഇടത് ഐക്യം ശക്തിപ്പെടുത്തും, ബിജെപിക്ക് എതിരെ മതേതര കൂട്ടായ്മ ശക്തമാക്കും. പ്ലീന തീരുമാനങ്ങളിൽ ഏതൊക്കെ നടപ്പാക്കിയെന്നും ഇല്ലെന്നും മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി ആവശ്യപ്പെട്ടു.