കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി; ഇനി യു.ഡി.എഫ് ഭരണം

Jaihind Webdesk
Saturday, August 17, 2019

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരായ അവിശ്വാസ പ്രമേയം പാസ്സായി. ഇതോടെ കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിന് ഭരണനഷ്ടം. 55 അംഗ ഭരണസമിതിയില്‍ 28 പേര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെ കോണ്‍ഗ്രസിലെ സുമാ ബാലകൃഷ്ണന്‍ മേയര്‍ സ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. പി.കെ രാഗേഷ് ഡപ്യൂട്ടി മേയര്‍ സ്ഥാനത്ത് തുടരും. ആകെ 55 സീറ്റുകളാണ് കണ്ണൂര്‍ കോര്‍പ്പറേഷനിലുള്ളത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരേ അംഗബലമാണ് കോര്‍പ്പറേഷനിലുള്ളത്. ഇരുപത്തിയേഴ് വീതം. ഒരു സീറ്റില്‍ കോണ്‍ഗ്രസ് വിമതനായി മല്‍സരിച്ച പി.കെ രാഗേഷാണ് വിജയിച്ചത്. രാഗേഷിന്റെ പിന്തുണയോടെയായിരുന്നു കോര്‍പ്പറേഷന്‍ ഭരണം എല്‍.ഡി.എഫിന് ലഭിച്ചത്.

എന്നാല്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പോടെ കണ്ണൂരിലെ രാഷ്ട്രീയ ചിത്രം അടിമുടി മാറി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച കെ. സുധാകരന് പരസ്യ പിന്തുണയുമായി പി.കെ രാഗേഷ് രംഗത്ത് വന്നതോടെ എല്‍.ഡി.എഫിന്റെ കോര്‍പ്പറേഷന്‍ ഭരണത്തിന് അറുതിയാവുകയായിരുന്നു.