സീറ്റ് വിഭജനത്തിനായി ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ച എൽ.ഡി.എഫിൽ തർക്കം തുടരുന്നതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ജെ.ഡി.എസ്, എൽ.ജെ.ഡി കക്ഷികൾക്കൊപ്പം പുതിയതായി മുന്നണിയിലേക്ക് വന്ന ജോസ് കെ മാണി കോൺഗ്രസും സീറ്റുകളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ തയാറാകാത്തതോടെയാണ് സീറ്റ് വിഭജന ചർച്ചകൾ വഴിമുട്ടുന്നത്.
പുതിയ രണ്ട് പാർട്ടികൾ വന്നപ്പോൾ 14 സീറ്റുകൾ കണ്ടെത്തേണ്ടി വന്നതിന്‍റെ പ്രശ്നങ്ങളാണ് എൽ.ഡി.എഫിൽ ഉള്ളത്. പരമാവധി രണ്ട് സീറ്റുകൾ വിട്ടുനൽകുന്നതിനെക്കുറിച്ചാണ് സി.പി.ഐ നേരത്തെ പറഞ്ഞതെങ്കിലും അവർ ഇപ്പോൾ ഒരു സീറ്റ് മാത്രമേ വിട്ടുനൽകൂ എന്ന നിലപാടിലാണ്. ഈ സാഹചര്യത്തിൽ മറ്റു ചെറു പാർട്ടികളുടെ സീറ്റുകളിലേക്ക് കടന്നുകയറാൻ ശ്രമിച്ചതാണ് കാര്യങ്ങൾ സങ്കീർണമാക്കിയത്. പാലാ സീറ്റ് വിട്ടുകൊടുത്ത എൻ.സി.പിക്ക് മൂന്ന് സീറ്റ് ലഭിക്കേണ്ടതുണ്ട്. രണ്ടെണ്ണം നൽകാമെന്നാണ് സി.പി.എം പറയുന്നത്. മൂന്നെണ്ണം കിട്ടിയേ മതിയാകൂ എന്ന നിലപാടിലാണ് അവർ.
ജെ.ഡി.എസിന്‍റെ കാര്യവും സമാനമാണ്. മൂന്ന് സിറ്റിംഗ് എം.എൽ.എമാരുള്ള ജെ.ഡി.എസിന് മൂന്ന് സീറ്റ് മാത്രമേ നൽകാനാകൂ എന്നാണ് സി.പി.എം അറിയിച്ചിരിക്കുന്നത്. 2016 ൽ മത്സരിച്ച അഞ്ച് സീറ്റിൽ നാലെണ്ണമെങ്കിലും കിട്ടണമെന്നാണ് അവർ പറയുന്നത്. ചിറ്റൂർ, തിരുവല്ല, കോവളം അല്ലെങ്കിൽ അങ്കമാലി എന്നിങ്ങനെ മൂന്ന് സീറ്റെന്ന നിലപാടിലാണ് സി.പി.എം. 3 സീറ്റ് വേണമെന്ന് ആവശ്യപ്പെട്ട ജനാധിപത്യ കേരള കോൺഗ്രസിന് ഒരു സീറ്റ് നൽകാമെന്നാണ് സി.പി.എം പറയുന്നത്. കഴിഞ്ഞ തവണ നാല് സീറ്റുകളിൽ മത്സരിച്ച അവരും കടുത്ത അതൃപ്തിയിലാണ്.
ഇനി നാലാം തീയതിയിലെ സി.പി.എം. സംസ്ഥാന കമ്മറ്റി യോഗത്തിനു ശേഷം വീണ്ടും ഉഭയകക്ഷി ചർച്ച നടത്താമെന്ന് പറഞ്ഞാണ് ഇന്നലത്തെ ചർച്ചകൾ ഇടതുമുന്നണി അവസാനിപ്പിച്ചത്. യു.ഡി.എഫിൽനിന്നു വ്യത്യസ്തമായി എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയാക്കി സ്ഥാനാർത്ഥി നിർണയത്തിലേക്ക് പോകാനുള്ള എൽ.ഡി.എഫ് ശ്രമമാണ് ഇപ്പോൾ സങ്കീർണമായിരിക്കുന്നത്. ഇനിയും ഒന്നിലധികം ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്ന അവസ്ഥയാണ് ഇപ്പോൾ എൽ.ഡി.എഫിൽ.