ബ്രൂവറിയില്‍ LDF വാദം പൊളിഞ്ഞു; അനുമതി നല്‍കിയത് നായനാര്‍ സര്‍ക്കാര്‍

Jaihind Webdesk
Sunday, September 30, 2018

ഡിസ്റ്റിലറി-ബ്രൂവറി അഴിമതിയിൽ എൽ.ഡി.എഫ് കൂടുതല്‍ പ്രതിരോധത്തിൽ. എ.കെ ആന്‍റണി സർക്കാരിന്‍റെ കാലത്താണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന എൽ.ഡി.എഫ് കൺവീനര്‍ എ വിജയരാഘവന്‍റെ വാദം പൊളിഞ്ഞു. അനുമതി നൽകിയത് 1998 ൽ നായനാർ സർക്കാരിന്‍റെ കാലത്താണെന്നതിന്‍റെ രേഖകള്‍ പുറത്ത്. 2003ല്‍ നല്‍കിയത് അന്തിമ അനുമതി മാത്രമാണ്.

എ.കെ ആന്‍റണി സർക്കാറാണ് ബ്രൂവറിക്ക് അനുമതി നൽകിയെന്ന ഇടതുമുന്നണിയുടെ വാദമാണ് ഇതോടെ പൊളിയുന്നത്. 1998-ൽ നായനാർ സർക്കാരിന്‍റെ കാലത്താണ് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയത്. 2003 ൽ ആന്‍റണി സർക്കാർ അന്തിമ ലൈസൻസ് മാത്രമാണ് നൽകിയത്.

എ.കെ ആന്‍റണി സർക്കാർ 2003 ൽ ബ്രൂവറിക്ക് അനുമതി നൽകിയതായി എൽ.ഡി.എഫ് കൺവീനർ എ വിജയരാഘവൻ ആരോപിച്ചിരുന്നു. എന്നാൽ ഇത് തെറ്റാണെന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു. 1997-ൽ നായനാർ സർക്കാരിന്‍റെ കാലത്താണ് ചാലക്കുടി പീലാനയിൽ മലബാർ ബ്രൂവറീസ് ആരംഭിക്കാൻ ഷാവലസ് ഗ്രൂപ്പ് അപേക്ഷ നൽകിയത്. ഈ അപേക്ഷയിൽ 1998 സെപ്റ്റംബർ 28ന് നായനാർ സർക്കാർ മലബാർ ബ്രൂവറിസ് തുടങ്ങാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവായി. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി എല്‍ നടരാജനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

കെട്ടിട നിർമാണം ഉൾപ്പെടെയുള്ള പ്രവൃത്തികള്‍ പൂർത്തിയാക്കിയതിന് ശേഷം 2003 ഓഗസ്റ്റ് അഞ്ചിന് അന്തിമ ലൈസൻസ് മാത്രമാണ് ആൻറണി സർക്കാർ നൽകിയത്. ഇതോടെ ആന്‍റണി സർക്കാരിന് എതിരെ ഇടതുമുന്നണി കൺവീനർ ഉന്നയിച്ച ആരോപണത്തിന്‍റെ മുന ഒടിഞ്ഞു. 1999 ന് ശേഷം ഡിസ്റ്റിലറിക്കും ബ്രൂവറികൾക്കും അനുമതി നൽകിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാദം ശരിയാണെന്നും തെളിഞ്ഞു.

പുതിയ മദ്യനിർമാണ ശാലകൾക്ക് അനുമതി നൽകിയതിൽ വൻ അഴിമതി നടന്നുവെന്ന് ആരോപണം ഇടതു സർക്കാരിനെ ഉലയ്ക്കുമ്പോൾ പ്രതിപക്ഷത്തെ നേരിടാൻ സി.പി.എം ഉന്നയിച്ച ആരോപണം അവര്‍ക്ക് തന്നെ തിരിച്ചടിയാവുകയാണ്.