ധനകാര്യമന്ത്രി മാറിയിട്ടും കടമെടുപ്പിന് മാറ്റമില്ല ; വികസനത്തിന്‍റെ മറവില്‍ 1500 കോടി കടമെടുക്കുന്നു

Jaihind Webdesk
Sunday, May 23, 2021

തിരുവനന്തപുരം : രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന്റെ തൊട്ടടുത്ത ദിവസം തന്നെ കടമെടുപ്പ് തുടങ്ങി. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമാണ് 1500 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നത്. ഇതിനുള്ള ലേലം ഈമാസം 24ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇകുബേര്‍ സംവിധാനം വഴി നടക്കും. ഇതിന്റെ വിജ്ഞാപനം ധനവകുപ്പ്  പുറത്തിറക്കി.

പിണറായി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 3,20,468 കോടിയായി ഉയരുകയും ചെയ്തു. വിദേശ ബാങ്കുകളില്‍ ഉയർന്ന പലിശയ്ക്ക് കടമെടുത്തതിലൂടെ മാത്രം സംസ്ഥാനത്തിന് 84,457 കോടി രൂപയുടെ ബാധ്യതയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ വരുത്തിവെച്ചത്. ഇതിനു പുറമെ കിഫ്ബിയെടുത്ത 12000 കോടിയുടെ കടവുമുണ്ട്. ഇത്തരത്തില്‍ രണ്ടു ലക്ഷം കോടിരൂപയാണ് സര്‍ക്കാര്‍  വരുത്തിവച്ച കടബാധ്യത.

ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം 2016- 17 ല്‍ 16,152 കോടിയും, 2017- 18ല്‍ 17,101 കോടിയും, 2018 -19ല്‍ 15,250 കോടിയും, 2019- 20 ല്‍ 16,406 കോടിയും, 2020- 21 ല്‍ 19,548 കോടിയും കടമെടുത്തു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ 1,50,000 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ പൊതുകടം. സര്‍ക്കാരിന്റെ ചെലവുകളില്‍ ഏറ്റവും പ്രധാനം ശമ്പളവും പെന്‍ഷനുമാണ്.

പ്രതിമാസം 2419 കോടി രൂപ ശമ്പളത്തിനും, 1550 കോടി രൂപ പെന്‍ഷനും ചെലവാക്കുന്നുണ്ട്. ആകെ 3969 കോടി രൂപ. പ്രതിവര്‍ഷം 48,000 കോടിയോളം വേണമെന്ന് സാരം. ബാക്കി തുകയും, കടം വാങ്ങിയ തുകയും കൊണ്ടാണ് ഇതുവരെ ഭരണം മുന്നോട്ടുപോയത്. ഇനി അഞ്ചുവര്‍ഷത്തെ നിത്യനിദാന ചെലവുകള്‍ക്ക് പോലും വിദേശ ബാങ്കുകളില്‍ നിന്ന് കടമെടുക്കുന്നതോടെ സംസ്ഥാനം വലിയ സാത്തിക പ്രതിസന്ധിയിലേക്ക് മാറുമെന്ന് ഉറപ്പാണ്.