പിണറായി സർക്കാരിന്‍റെ ദുർഭരണത്തിനെതിരെ ജനം വിധിയെഴുതും : രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, September 3, 2019

കഴിഞ്ഞ മൂന്നുവർഷക്കാലത്തെ സംസ്ഥാന സർക്കാരിന്‍റെ ദുർഭരണം പാലാ ഉപതെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയാകും. കെ.എം മാണി പാലായില്‍ നടത്തിയ വികസനപ്രവർത്തനങ്ങൾ മാത്രം മതി യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിക്കാനെന്നും രമേശ് ചെന്നിത്തല കോട്ടയത്ത് പറഞ്ഞു.

ജനങ്ങൾ പിണറായി സർക്കാരിനെ നിരാകരിച്ചതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണാനായത്. പാലാ ഉപതെരഞ്ഞെടുപ്പിലും ഇത് ആവർത്തിക്കും. സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തൽ കൂടിയാകും തെരഞ്ഞെടുപ്പെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ശബരിമല വിഷയത്തിൽ യു.ഡി.എഫ് നിലപാടാണ് ശരിയെന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടു.  സി.പി.എമ്മും ബി.ജെ.പിയും ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിക്കുകയാണ് ചെയ്തത്. ഇത് ഇരുകൂട്ടർക്കും തിരിച്ചടിയാകുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. എല്ലാം ശരിയാകും എന്നുപറഞ്ഞ് അധികാരത്തിലേറിയ ഇടതു സർക്കാർ സംസ്ഥാനത്തെ സമസ്തമേഖലകളെയും തകർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.