സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിലേറിയ ഇടതു സർക്കാർ തുടർച്ചയായി പുറത്തുവന്ന പീഡനാരോപണങ്ങൾക്ക് നേരെ കണ്ണടയ്ക്കുന്നു. മീ ടൂ ക്യാമ്പെയിന്റെ ഭാഗമായി ഇടതുപക്ഷ എം.എൽ.എയും സിനിമാതാരവുമായ എം മുകേഷ്, നടൻ അലൻസിയർ എന്നിവരടക്കമുള്ളവർക്കെതിരെ ഉയർന്ന പീഡനാരോപണങ്ങളെ വേണ്ടത്ര ഗൗരവത്തോടെ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. മുകേഷിനെതിരെ ടെസ് ജോസഫ് എന്ന യുവതി ഉന്നയിച്ച ആരോപണം നിസാരവൽക്കരിച്ച തള്ളിക്കളയുന്ന സമീപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാഗത്തുനിന്നുമുണ്ടായത്. അതിനുശേഷം ആരോപണത്തെ നിരാകരിച്ച് മുകേഷും രംഗത്തെത്തി. യുവതി ഉന്നയിച്ച ഗുരുതര ആരോപണങ്ങളെ നിസാരമായി തള്ളിക്കളഞ്ഞ മുകേഷ് താൻ അവരെ ഓർമ്മിക്കുന്നില്ലെന്നും പറഞ്ഞു.
അതിന് പിന്നാലെയാണ് ഇപ്പോൾ ഇടതുപക്ഷ സഹയാത്രികനും നാടകപ്രവർത്തകനുമായ അലൻസിയർക്കെതിരെ ആരോപണങ്ങളുമായി ഒരു ദിവ്യ ഗോപിനാഥ് എന്ന സിനിമാതാരം രംഗത്ത് വന്നിരിക്കുന്നത്. ആദ്യം തന്റെ പേര് വെളിപ്പെടുത്താതെയാണ് ആരോപണമുന്നയിച്ചതെങ്കിൽ ഇപ്പോൾ സ്വന്തം ഫേയ്സ്ബുക്ക് പേജിൽ തന്നെ കാര്യങ്ങൾ വ്യക്തമായി തുറന്നു പറഞ്ഞാണ് അവർ രംഗത്ത് വന്നിരിക്കുന്നത്. ഇതേപ്പറ്റി ഇതേവരെ അലൻസിയർ പ്രതികരിച്ചിട്ടില്ല. നിലവിലെ വെളിപ്പെടുത്തലിലടക്കം ഗൗരവതരമായ കാര്യങ്ങൾ പുറത്തുവന്നു മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല.
ഷൊർണൂർ എം.എൽ.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ പരാതി ആദ്യഘട്ടത്തിൽ മൂടിവെക്കാനാണ് സി.പി.എം സംസ്ഥാന നേതൃത്വം ശ്രമിച്ചത്. എന്നാൽ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വിഷയത്തിൽ ഇടപെട്ടതോടെയാണ് വിഷയം അന്വേഷിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം മന്ത്രി എ.കെ ബാലൻ, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനെ നിയോഗിച്ചത്. പീഡനാരോപണത്തിൽ പൊലീസിന് പരാതി നൽകേണ്ടെന്നും പാർട്ടി തന്നെ ഇക്കാര്യങ്ങൾ അന്വേഷിച്ചാൽ മതിയെന്ന നിലപാടാണ് സി.പി.എം തുടക്കം മുതൽ സ്വീകരിച്ചത്. അതിനാൽ തന്നെ അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിനെ ആശ്രയിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കമ്മീഷൻ റിപ്പോർട്ട് എന്ന് സമർപ്പിക്കുമെന്നതിനെ കുറിച്ച് പോലും വ്യക്തതയില്ല. സമർപ്പിക്കുന്ന റിപ്പോർട്ടിൽ ശശിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന കുറ്റമാരോപിച്ച് പരാതി പുറത്തുകൊണ്ടുവന്നവരെ കൂടി കുടുക്കാനുള്ള നീക്കവും സജീവമാണ്.
ഇതിനിടെയാണ് ശശിക്ക് അനുകൂലമായി മൊഴി നൽകിയാൽ ലക്ഷങ്ങൾ നൽകാമെന്ന വാഗ്ദാനവുമായി ചിലർ രംഗത്തുള്ളത്. ഫലത്തിൽ പി.കെ ശശിക്കെതിരായ പരാതിയിൽ നടപടി ദീർഘിപ്പിച്ച് അനുരഞ്ജനത്തിനുള്ള ശ്രമവും ചില നേതാക്കൾ അണിയറയിൽ നടത്തുന്നു. എന്നാൽ ഉടൻ നടപടിയുണ്ടായില്ലെങ്കിൽ പരാതിയുമായി പൊലീസിനെ സമീപിക്കുന്ന കാര്യവും ആലോചിക്കേണ്ടി വരുമെന്ന് ഡി.വൈ.എഫ്.ഐ വനിതാ നേതാവിനൊപ്പമുള്ളവരും നിലപാട് പാർട്ടി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
പി.കെ ശശി എം.എൽ.എയുടെ കേസടക്കം കഴിഞ്ഞ സെപ്റ്റംബറിലും ഈ മാസവുമായി ഏതാണ്ട് 14 ഓളം സ്ത്രീപീഡനങ്ങളാണ് സി. പി. എമ്മിലെയും പോഷക സംഘടനയിലെയും നേതാക്കൾക്കെതിരെ ഉയർന്നു വന്നിരിക്കുന്നത്. കണ്ണൂർ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഒരോ ലോക്കൽ സെക്രട്ടറിമാരും ലൈംഗിക പീഡന പരാതികളിൽ ഉൾപ്പെട്ടിട്ടുണ്ട്. കണ്ണൂരിൽ പഞ്ചായത്തു മെമ്പറുടെ വീട്ടിൽ നിന്നും ലോക്കൽ സെക്രട്ടറിയെ പിടികൂടിയപ്പോൾ പന്തളത്ത് പ്രവാസിയുടെ ഭാര്യയുമായുള്ള എൽ.സി സെക്രട്ടറിയുടെ ബന്ധമാണ് സി.പി.എമ്മിനെ വെട്ടിലാക്കിയത്. ഇതിനു പുറമേ വയനാട് നെൻമേനി പഞ്ചായത്ത് പ്രസിഡൻറ് പീഡനാരോപണത്തെ തുടർന്ന് രാജിവെക്കുകയും ചെയ്തു.
വയനാട്, പന്തളം, തച്ചനാട്ടുകര, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നടന്ന നാല് പീഡനങ്ങളും വീട്ടമ്മമാർക്കെതിരെയാണ് സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കൾ നടത്തിയിട്ടുള്ളത്. സ്വന്തം സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറത്തെ ഡി.വൈ.എഫ്.ഐ നേതാവിന്റെ പേരിലും കേസ് നിലനിൽക്കുന്നു. ഇതിനിടെ മഞ്ചേശ്വരത്ത് 13കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ബാലസംഘം ജില്ലാ നേതാവിന്റെ പേരിലും സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച വി.ആർ പുരം ബ്രാഞ്ച് സെക്രട്ടറിയുടെ പേരിലും കേസുണ്ട്. തൃത്താലയിൽ സി.പി.എമ്മിന്റെ അധ്യാപക സംഘടനയായ കെ.എസ്.ടി.എ നേതാക്കൾ ചേർന്ന് അധ്യാപികയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന ആരോപണവും പുറത്തു വന്നിട്ടുണ്ട്. ഇതോടെ സ്ത്രീ സുരക്ഷയെന്ന മുദ്രാവാക്യം സി.പി.എമ്മിനെയും ഇടതുമുന്നണിയെയും തിരിഞ്ഞു കൊത്തുകയാണ്. നിലവിൽ പുറത്തുവരുന്ന ലൈംഗിക ആരോപണങ്ങളോടുള്ള സി.പി.എമ്മിന്റെ സമീപനത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെ കടുത്ത അമർഷമാണ് ഉയരുന്നത്.