സംസ്ഥാനത്ത് വീണ്ടും മദ്യമൊഴുക്കാന്‍ പിണറായി സർക്കാർ; പബ്ബുകള്‍ തുടങ്ങാന്‍ ആലോചന

സംസ്ഥാനത്ത് വീണ്ടും മദ്യം ഒഴുക്കാന്‍ പദ്ധതിയുമായി പിണറായി സർക്കാര്‍. യു.ഡി.എഫ് സർക്കാര്‍ അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നുകൊടുത്തതിന് പിന്നാലെ പുതുതായി പബ്ബുകള്‍ തുടങ്ങാനാണ് ഇടത് സര്‍ക്കാറിന്‍റെ നീക്കം. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര പരിപാടിയിലാണ് സംസ്ഥാനത്ത് പബ്ബുകള്‍ വരുന്നതിനെ കുറിച്ച് മുഖ്യമന്ത്രി സൂചന നല്‍കിയത്.

രാത്രി വൈകിയും ജോലി ചെയ്യേണ്ടി വരുന്ന ഐ.ടി മേഖല പോലെയുള്ള ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക്  ജോലിക്ക് ശേഷം അല്‍പം ഉല്ലസിക്കണമെന്ന് തോന്നിയാല്‍ അതിന് സൗകര്യമില്ലെന്ന് പരാതിയുണ്ട്. ഇത്തരത്തില്‍ ആക്ഷേപം സര്‍ക്കാറിന് മുന്നില്‍ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇക്കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. വരിനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങാനാകുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

“ബിവറേജസ് വില്‍പന കേന്ദ്രങ്ങളില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കും. ആളുകള്‍ ക്യൂനിന്ന് ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ നല്ല രീതിയില്‍ സജ്ജീകരിച്ച കടകളില്‍ നിന്ന് നോക്കി വാങ്ങുന്ന സമ്പ്രദായം കൊണ്ടുവരുന്നത് ആലോചിക്കാവുന്നതാണ്” – മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മൈക്രോ ബ്രുവറികൾക്ക് ലൈസൻസ് നൽകാൻ നീക്കം നടക്കുന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നിൽ അഴിമതി ഉണ്ടെന്ന് ആരോപണം ഉയർന്നതിനെ തുടർന്ന് തൽക്കാലം തീരുമാനം മരവിപ്പിച്ചിരുന്നു. ഈ തീരുമാനം പുനപരിശോധിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്. യു.ഡി.എഫ് സർക്കാര്‍ നടപ്പിലാക്കിയ മദ്യനിയന്ത്രണത്തിനുള്ള നീക്കങ്ങളെ തകിടംമറിക്കുന്ന നടപടികളാണ് ഇടത് സർക്കാര്‍ നടത്തുന്നത്. നേരത്തെ യു.ഡി.എഫ് സർക്കാർ അടച്ചുപൂട്ടിയ രണ്ട് ബാറുകൾ എൽ.ഡി.എഫ് സർക്കാർ തുറന്നുകൊടുത്തിരുന്നു.

liquorpinarayi vijayan
Comments (0)
Add Comment