മദ്യമൊഴുക്കാന്‍ ഇടതുസര്‍ക്കാര്‍; അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഉത്തരവ്

Jaihind Webdesk
Tuesday, May 17, 2022

തിരുവനന്തപുരം : ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ ജനകീയ മദ്യനയത്തിന്‍റെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകൾ തുറക്കാൻ ഉത്തരവിട്ട് ഇടതുസര്‍ക്കാര്‍. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ 68 മദ്യവിൽപനശാലകളാണ് വീണ്ടും തുറക്കുന്നത്. ഇത് സംബന്ധിച്ച നിയമ സെക്രട്ടറിയുടെ ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

പൂട്ടിപ്പോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബവ്കോ ആവശ്യപ്പെട്ടിരുന്നു. പുതിയ മദ്യനയത്തിന്‍റെ ഭാഗമായി 68 ബിവറേജസ് ഷോപ്പുകൾ തുറക്കുമെന്നാണ് ബെവ്കോ അധികൃതർ സൂചിപ്പിക്കുന്നത്. നേരത്തെ പൂട്ടിപോയ ഷോപ്പുകളാണ് ഇതിൽ കൂടുതലും.

ദേശീയ-സംസ്ഥാന പാതയോരങ്ങളുടെ 500 മീറ്റർ പരിധിയിൽ മദ്യവിൽപ്പന നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് വന്നതോടെയാണ് പട്ടികയിലുള്ള മിക്ക ഷോപ്പുകളും പൂട്ടേണ്ടിവന്നത്. പകരം സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ ഇവ തുറക്കാൻ കഴിഞ്ഞില്ല. സ്ഥലം കണ്ടെത്തിയ ചില സ്ഥലങ്ങളിലാകട്ടെ പ്രാദേശിക പ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് നടപടികൾ മുന്നോട്ടു പോയില്ല.

ഇടുക്കി, എറണാകുളം ജില്ലകളില്‍ 8, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട് – 6, തിരുവനന്തപുരം, തൃശൂര്‍ – 5, ആലപ്പുഴ, കണ്ണൂര്‍, വയനാട് – 4, മലപ്പുറം – 3, കാസര്‍ഗോഡ് – 2, പത്തനംതിട്ട – 1 എന്നിങ്ങനെയാണ് പുതുതായി ആരംഭിക്കുന്ന മദ്യശാലകളുടെ ജില്ലകള്‍ തിരിച്ചുള്ള കണക്ക്.