പോക്സോ കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ നേതാക്കളെ മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷന് ആക്രമിച്ച കേസിലെ പ്രതികളായ പാര്‍ട്ടി നേതാക്കളെ പിടികൂടാനായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് നടത്തിയ സംഭവത്തില്‍ ഡിസിപി ചൈത്ര തെരേസ ജോണിനെതിരെ സര്‍ക്കാരിന്റെ പ്രതികാര നടപടി. സംഭവത്തില്‍ എഡിജിപി മനോജ് എബ്രഹാം നാളെ അന്വേഷണ റിപ്പോർട്ട് ഡിജിപിക്ക് നൽകും.
സിപിഎം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിലാണ് ചൈത്ര തെരേസ ജോണിനെതിരെ അന്വേഷണം നടന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമായിരുന്നു ചൈത്ര തെരേസ ജോണിനെതിരായ നടപടി. റെയ്ഡ് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് ഡി.സി.പിയോട് വിശദീകരണം ചോദിച്ചിരുന്നു. ഡിസിപി തന്റെ വിശദീകരണം എഡിജിപിക്ക് നൽകി. സ്റ്റേഷൻ ആക്രമണ കേസിലെ പ്രതികൾ ഓഫീസിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്നാണ് ചൈത്ര തെരേസ ജോണ്‍ നല്കിയ വിശദീകരണം. സംഭവത്തില്‍ കടുത്ത നടപടിയ്ക്കുള്ള ശുപാർശകള്‍ ഉണ്ടാകില്ലെന്നാണ് സൂചന.
ബുധനാഴ്ച്ച രാത്രിയാണ് പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് ഡി.വൈ. എഫ്. ഐ പ്രവർത്തകരെ വിട്ടയക്കണമന്നാവശ്യപ്പെട്ട് സി.പി.എം പ്രവർത്തകർ മെഡിക്കൽ കോളേജ് പോലിസ് സ്റ്റേഷൻ ആക്രമിച്ചത്. പോക്സോ കേസുകളില്‍ പോലും പീഢകര്‍ക്ക് വേണ്ടി ഭരണപക്ഷം തന്നെ തെരുവില്‍ ഇറങ്ങുമ്പോള്‍ ഈ സര്‍ക്കാരും പാര്‍ട്ടിയും ഇരയ്ക്കൊപ്പമല്ല എന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുകയാണ്.
കുട്ടികളെ പീഢിപ്പിച്ച് കേസില്‍ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട അണമുഖം സ്വദേശികളായ രാജീവ്, ശ്രീദേവ് എന്നിവരെ പോലീസ് സ്റ്റേഷൻ ആക്രമിച്ച് ഇറക്കി കൊണ്ട് പോകുന്നതിനുള്ള ശ്രമത്തിനിടെ മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലേക്ക് കല്ലേറ് നടത്തിയ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡി.വൈ. എഫ്. ഐ ഏര്യാസെക്രട്ടറി ഉള്‍പ്പെടെയുള്ള പ്രതികൾ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിയുകയാണെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്. പ്രതികളെ പിടി കുടാതെ ചില പോലീസ് ഉദ്യോസ്ഥർ ഒത്തു കളിച്ചതോടെയാണ് ഡി.സി.പി റെയ്ഡിന് തയ്യാറായത്.
വ്യാഴാഴ്ച്ച രാത്രി ജില്ല കമ്മിറ്റി ഓഫീസിൽ എത്തിയ പോലിസ് സംഘത്തെ നേതാക്കൾ തടഞ്ഞെങ്കിലും ഡിസിപി ഉറച്ച നിലപാട് സ്വീകരിച്ചതോടെ നേതാക്കൾ വഴങ്ങി. എന്നാല്‍ ഇതിനിടെ റെയ്ഡ് സംബന്ധിച്ച വിവരം ഒരു ഉന്നത ഉദ്യോഗസ്ഥൻ തന്നെ സി.പി.എം നേതാക്കൾക്ക് ചോർത്തി നൽകിയതിനെ തുടര്‍ന്ന് പ്രതികളെ രക്ഷപ്പെടുത്തിയിരുന്നു.
തുടർന്ന് ഡി.സി.പി.ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ചൈത്ര തേരസ ജോണിനെ നേരിട്ട് വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും ചെയ്തു. സംഭവങ്ങളുടെ നിജസ്ഥിതി ഡിസിപി മുഖ്യമന്ത്രിയോട് വിശദീകരിച്ചുവെങ്കിലും സിപിഎം ജില്ലാ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ട് അര്‍ദ്ധരാത്രി തന്നെ തെരേസ ജോണിനെ സ്ഥലം മാറ്റുകയായിരുന്നു. ചൈത്ര തെരേസ ജോണിന് പകരം മെഡിക്കൽ അവധിയിലായിരുന്ന ആദിത്യയെ അവധി റദ്ദാക്കി വിളിച്ചു വരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിക്കുകയായിരുന്നു. ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് മാറ്റി.
നേരത്തെ എസ്ബിഐ ട്രഷറി ബ്രാഞ്ച് ആക്രമണകേസിലെ പ്രതികളെ പിടികൂടിയതും ചൈത്രയായിരുന്നു. പ്രതികൾ ഒളിവിൽ പോയപ്പോൾ എൻജിഒ യൂണിയൻ ഓഫീസ് റെയ്ഡ് ചെയ്യാനും ചൈത്ര ശ്രമിച്ചിരുന്നു. ഇതെല്ലാം പാര്‍ട്ടി നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്.