പാര്‍ട്ടി ക്രിമിനലുകളെ രക്ഷിക്കാന്‍ പിണറായി സർക്കാർ ഖജനാവ് മുടിക്കുന്നു; ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ ഇതുവരെ ചെലവഴിച്ചത് അരക്കോടിയിലേറെ

കൊലക്കേസ് പ്രതികളായ സി.പി.എം ക്രിമിനലുകളെ രക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചത് അരക്കോടിയിലേറെ രൂപ. കണ്ണൂര്‍ മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകന്‍ ഷുഹൈബ് വധക്കേസിൽ സി.ബി.ഐ അന്വേഷണം ഒഴിവാക്കാൻ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിന് സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ച കണക്കാണിത്. 56. 4 ലക്ഷം രൂപയാണ് സര്‍ക്കാർ ഖജനാവില്‍ നിന്ന് ഇതിനായി ഇതുവരെ ചെലവഴിച്ചത്.

ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിന്‍റെ അന്വേഷണം സി.ബി.ഐക്ക് നല്‍കിക്കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ സർക്കാർ ഇതിനെതിരെ അപ്പീല്‍ പോവുകയും സിംഗിള്‍ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചില്‍ നിന്ന്  സ്റ്റേ വാങ്ങുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവ് ഹർജി നൽകി. ഇതില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാനായി സർക്കാര്‍ സുപ്രീം കോടതി അഭിഭാഷകരെ കൊണ്ടുവന്നതിന് പൊതുഖജനാവില്‍ നിന്ന് ചെലവഴിച്ചതാണ് ഈ തുക.

സുപ്രീം കോടതി സീനിയർ അഭിഭാഷകരായ അമരേന്ദ്ര ശരൺ, വിജയ് ഹൻസാരിയ, സീനിയർ ഗവണ്‍മെന്‍റ് പ്ലീഡർമാരായ പി നാരായണൻ, സുമൻ ചക്രവർത്തി, പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ എന്നിവരാണ് കേസിൽ സർക്കാരിനുവേണ്ടി ഹാജരായത്. സുപ്രീം കോടതി അഭിഭാഷകനായ വിജയ് ഹൻസാരിയ  22.42 ലക്ഷം രൂപയുടെ ബില്ലില്‍ 12.20 ലക്ഷം രൂപ സർക്കാർ നൽകി. മുതിർന്ന അഭിഭാഷകരുമായി കേസ് ചർച്ച ചെയ്തതിനും രണ്ട് ദിവസങ്ങളില്‍ ഹൈക്കോടതിയിൽ ഹാജരായതിനുമുള്ള പ്രതിഫലമാണ് ഇത്. ജൂണിലാണ് സര്‍ക്കാര്‍ ഈ തുക അനുവദിച്ചത്. സുപ്രീം കോടതി അഭിഭാഷകനായ അമരേന്ദ്ര ശരണിന് മേയിൽ 22 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. എന്നാല്‍ പൂര്‍ണമായ കണക്കുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ സർക്കാര്‍ പുറത്തുവിട്ടിട്ടില്ല.

വിവരാവകാശ രേഖ പ്രകാരം നേരത്തെ മറ്റൊരു അഭിഭാഷകന് 9 ലക്ഷത്തോളം രൂപ നല്‍കിയെന്ന വിവരം പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ പുറത്തുവിട്ട രേഖകളില്‍ ഇല്ലെന്നതും ശ്രദ്ധേയമാണ്.  അഭിഭാഷകര്‍ ഹൈക്കോടതിയില്‍ എത്ര തവണ ഹാജരായെന്നും ഇനിയും ഫീസിനത്തില്‍ എത്ര നല്‍കാനുണ്ടെന്നത് സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാർ പുറത്തുവിട്ടിട്ടില്ല. ഇതിന്‍റെ കൃത്യമായ കണക്കുകള്‍ ലഭ്യമായാല്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് വാദിക്കാനായി പൊതുഖജനാവില്‍ നിന്ന് സർക്കാർ ചെലവഴിച്ച തുക  കോടികളായി ഉയര്‍ന്നേക്കാം.

ഷുഹൈബ് വധത്തില്‍ പാർട്ടിക്ക് പങ്കില്ല എന്ന് വാദിക്കുന്ന സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ കേസ് സി.ബി.ഐക്ക് വിടേണ്ട എന്ന വാദവുമായി എന്തിനാണ് കോടതിയിൽ പോകുന്നുവെന്ന ചോദ്യമാണ് ഉയരുന്നത്.

pinarayi vijayanshuhaib murder
Comments (0)
Add Comment