തീരദേശവാസികളുടെയുടെ തീരദേശത്തിന്‍റെയും സംരക്ഷണത്തിന് ഇടതുസർക്കാർ നൽകിയ വാഗ്ദാനങ്ങൾ എല്ലാം ജലരേഖയാവുകയാണ്. കടലാക്രമണം തടയാൻ കടൽഭിത്തി നിർമ്മിക്കണമെന്ന വലിയതുറ നിവാസികളുടെ ആവശ്യത്തോടും സർക്കാർ പുറംതിരിഞ്ഞ് നിൽക്കുകയാണ്.
കടലമ്മയുടെ സ്വന്തം മക്കള്‍, കേരളത്തിന്‍റെ സ്വന്തം സൈന്യം ഇങ്ങനെ പല വിശേഷണങ്ങളാണ് പ്രളയാനന്തരം മുഖ്യമന്ത്രി തീരദേശ നിവാസികൾക്ക് നൽകിയത്. എന്നാൽ ഇതെല്ലാം കേവലം വിശേഷണങ്ങളിൽ മാത്രം ഒതുങ്ങി. സമാനതകളില്ലാത്ത ദുരിതങ്ങളിലൂടെയാണ് ഇവരുടെ ജീവിതം മുന്നോട്ടുപോകുന്നത്. കടൽക്ഷോഭങ്ങൾ പലതുവന്നു. ഉറ്റവരെ പലരെയും നഷ്ടപ്പെട്ടു. സ്വന്തം കിടപ്പാടം പോലും നഷ്ടമായി. എങ്കിലും കടലമ്മയെ പിരിയാൻ ഇവരാരും തയാറല്ല. തങ്ങളുടെ പോറ്റമ്മയ്ക്കൊപ്പമല്ലാതെ ഒരു ജീവിതമോ മരണമോ പോലും ഇവരുടെ ചിന്തകളിലില്ല.
‘കടല്‍ഭിത്തി ആവശ്യമാണ് ഞങ്ങള്‍ക്ക്. അല്ലാതെ ഞങ്ങള്‍ക്ക് ഇവിടെ കിടക്കാനാവില്ല. എന്തെങ്കിലുമൊരു സംരക്ഷണം ഞങ്ങള്‍ക്ക് തരണം. ഇവിടുന്ന് ഞങ്ങള്‍ എങ്ങോട്ടും പോവില്ല. മരിച്ചാലും ഇവിടെ കിടന്നുതന്നെ മരിക്കും’ – ഇവര്‍ പറയുന്നു.
എന്നാൽ ഈ ദുരിതങ്ങളൊന്നും കണ്ടില്ലെന്നു നടിക്കുകയാണ് സംസ്ഥാന സർക്കാർ. കടൽഭിത്തി നിർമിച്ചാൽ ഇപ്പോഴുള്ള വീടുകളെങ്കിലും സംരക്ഷിക്കാമെന്നാണ് കടലിന്‍റെ മക്കള്‍ പറയുന്നത്. തുടർച്ചയായ കടൽക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ കടൽഭിത്തിക്കായുള്ള വലിയതുറ നിവാസികളുടെ ആവശ്യം ശക്തമായിരുന്നു. സംരക്ഷണം ആവശ്യപ്പെട്ട് സൂചനാ സമരവും നടത്തി. ഇതേ തുടർന്ന് മണൽചാക്കിൽ ക്ലേ നിറച്ച് നിർമാണം ആരംഭിച്ചു. എന്നാൽ ഇതിന് ചിലവ് വളരെ കൂടുതലാണെന്ന ന്യായം നിരത്തി ഇറിഗേഷൻ വകുപ്പ് 4 ദിവസം കൊണ്ട് പണി അവസാനിപ്പിച്ചു.
കടലമ്മയുടെ സ്വന്തം മക്കൾ ഇപ്പോഴും പ്രതിസന്ധിയിൽ തന്നെ. വരുന്ന കാലവർഷത്തെ എങ്ങനെ നേരിടുമെന്ന ഭീതിയും ഇവരുടെ കണ്ണുകളിൽ നിഴലിക്കുന്നു.