സമസ്ത രംഗത്തും പരാജയപ്പെട്ട സര്‍ക്കാർ കൊവിഡിന്‍റെ മറവിലും അഴിമതി നടത്തുന്നു : രമേശ് ചെന്നിത്തല | Video

Jaihind News Bureau
Monday, May 25, 2020

 

തിരുവനന്തപുരം : കൊവിഡിന്‍റെ മറവിൽ സർക്കാർ അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനജീവിതത്തെ കൂടുതൽ ദുസഹമാക്കുന്ന നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡിന്‍റെ മറവിൽ സർക്കാർ നടത്തുന്ന അഴിമതികൾ ഓരോദിവസവും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എല്ലാ രംഗത്തും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. കേരള ജനതയുടെ പ്രതീക്ഷകകളെല്ലാം തകർത്ത സർക്കാരാണിത്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നവർ ജനങ്ങളെ ശരിയാക്കുന്നതാണ് ഇപ്പോൾ കാണാനാകുന്നത്.

കോടികൾ മുടക്കി പി.ആർ ഏജൻസികളെക്കൊണ്ട് മുഖം മിനുക്കാൻ ശ്രമിച്ചാലും അതൊന്നും വിലപ്പോവില്ല. കൊവിഡിന് ശേഷം ജനങ്ങൾ പട്ടിണിയിലായ ജനങ്ങൾക്ക് 5000 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും സർക്കാർ അത് ചെവിക്കൊള്ളാൻ തയാറായില്ല. പകരം ബസ് ചാർജും കറണ്ട് ബില്ലും ഉൾപ്പെടെ വർധിപ്പിക്കുകയാണ് സർക്കാർ ചെയ്തത്. ഇത്തരത്തിൽ കൊള്ളയടിക്കുന്ന സർക്കാരിനെതിരെ ജനം അണിനിരക്കുമെന്നതിൽ സംശയമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പിണറായി സർക്കാര്‍ നാല് വര്‍ഷം പൂർത്തിയാക്കുമ്പോള്‍ ദുരിതങ്ങളുടെ നാല് വര്‍ഷം എന്ന പേരില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.