CAG ഓഡിറ്റ് നടന്നാല്‍ ക്രമക്കേടുകള്‍ പുറത്തുവരുമെന്ന് സര്‍ക്കാരിന് ഭയം; ഓഡിറ്റ് നടത്തിയാല്‍ പലരുടെയും കൈ പൊള്ളും : രമേശ് ചെന്നിത്തല

കിഫ്ബി കിയാൽ സി.എ.ജി ഓഡിറ്റ്  വിഷയത്തിൽ ഭരണഘടനയുടെ അന്തസ് ചോദ്യം ചെയ്യുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി ഓഡിറ്റ് നടന്നാൽ ക്രമക്കേടുകൾ പുറത്ത് വരുമെന്ന ഭയമാണ് സർക്കാരിനുള്ളത്. കിഫ്ബിയിലും കിയാലിലും സി.എ.ജി ഓഡിറ്റ് വേണ്ട എന്ന സർക്കാർ നിലപാട് തിരുത്താൻ  അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു .

കിഫ്ബിയിൽ സി.എ.ജി ഓഡിറ്റ് നടത്തിയാൽ പലരുടെയും കൈപൊള്ളുമെന്നും ഇത് ഭയന്നാണ് സർക്കാർ ഓഡിറ്റിംഗിനെ എതിർക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കിഫ്ബി പദ്ധതികളുടെ പരിശോധന നടത്തുന്ന ടെറിനസ് എന്ന് സ്വകാര്യ സ്ഥാപനം തട്ടിക്കൂട്ട് കമ്പനിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബിയെയും കിയാലിനെയും സി.പി.എമ്മിന്‍റെ കറവപ്പശുക്കളാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.

വസ്തുതകൾ മറച്ചുവെച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. കിഫ്ബിയിലും കിയാലിലും സി.എ.ജിയുടെ ഓഡിറ്റ് വേണ്ടെന്ന സർക്കാർ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബിയിലും കിയാലിലും നടക്കുന്നത് ദുരൂഹമായ ഇടപാടുകളാണെന്നും ഇതുകൊണ്ടാണ് ഓഡിറ്റിംഗിനെ സർക്കാർ ഭയക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Ramesh Chennithalakiifbkial
Comments (0)
Add Comment