ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും വിശ്വാസികളെ കബളിപ്പിക്കുന്നു : രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, August 29, 2019

Ramesh-Chennithala

ശബരിമല വിഷയത്തില്‍ സര്‍ക്കാരും സി.പി.എമ്മും വിശ്വാസികളെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് വിശ്വാസികളെ  പാര്‍ട്ടിയില്‍   നിന്ന് അകറ്റിയെന്ന്  സി.പി.എം പറയുമ്പോള്‍  അതേ   നിലപാട്  തുടരുമെന്ന്  സര്‍ക്കാര്‍ പറയുന്നു. പരസ്പരവിരുദ്ധമായ പ്രസ്താവനകളിലൂടെ വിശ്വാസികളെ കബളിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍   സര്‍ക്കാരിന്‍റെ നിലപാടിനെതിരായ  വിശ്വാസികളുടെ വികാരമാണ് പ്രതിഫലിച്ചത്. എന്നിട്ടും  അതില്‍ ഉറച്ചുനില്‍ക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വിശ്വാസികളെ  വെല്ലുവിളിക്കുന്നതിന് തുല്യമാണ്. തെരഞ്ഞെടുപ്പില്‍ ഏറ്റ തിരിച്ചടിയില്‍ നിന്ന് തലയൂരാനും  നവോത്ഥാന നായകന്‍ എന്ന  ഇമേജ്  നിലനിര്‍ത്താനും മുഖ്യമന്ത്രി കളിക്കുന്ന കളിയാണ്  ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ഇതിലെ കാപട്യം ജനങ്ങളും  വിശ്വാസികളും തിരിച്ചറിയുമെന്നും  വരുന്ന തെരഞ്ഞെടുപ്പുകളിലും സി.പി.എമ്മിന് കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമലയിലെ യുവതീപ്രവേശത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് സി.പി.എമ്മും സര്‍ക്കാരും ചേര്‍ന്ന് കേരളമാകെ വനിതാമതില്‍ നിര്‍മിച്ചത്. പിറ്റേദിവസം തന്നെ രണ്ടു യുവതികളെ അവിടെ കയറ്റിയത് വനിതാമതിലിന്‍റെ വിജയം ആഘോഷിക്കാന്‍ വേണ്ടിയാണ്. മതില്‍ വിജയിപ്പിച്ചുവെന്ന പ്രഖ്യാപനമായിരുന്നു അത്. അതു സ്ഥിരീകരിച്ചു കൊണ്ടു മുഖ്യമന്ത്രി തിരുവനന്തപുരത്തു നടത്തിയ പ്രതികരണവും അദ്ദേഹത്തിന്‍റെ മുഖത്തു കണ്ട സന്തോഷവും വിശ്വാസിസമൂഹവും കേരളത്തിലെ ജനങ്ങളും ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ഇല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതോടെ വിശ്വാസികളെ ഏതുവിധേനയും തിരിച്ചുകൊണ്ടുവരാനുള്ള സര്‍ക്കസാണ് സി.പി.എം നടത്തുന്നത്. അതിലെ മുഖ്യാഭ്യാസിയുടെ റോളാണ് പിണറായി വിജയനുള്ളത്. കോടിയേരി ബാലകൃഷ്ണനും പല വിധത്തിലുള്ള കസര്‍ത്തുകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ജനം ഒന്നും മറക്കുകയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

ചെയ്തതു തെറ്റിപ്പോയെന്ന് അന്തസോടെ പറയാന്‍ പാര്‍ട്ടി തയാറല്ല. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തന്നെ മുഖ്യമന്ത്രി അതിനു തയാറാകുകയുമില്ല. ശബരിമലയില്‍ സംഭവിച്ചതെല്ലാം വീഴ്ചയായിപ്പോയെന്നു പിണറായി വിജയന്‍ തുറന്നുപറയാത്തിടത്തോളം കാലം കേരളത്തിലെ എല്ലാ വിഭാഗത്തിലുമുള്ള വിശ്വാസികളും സംശയദൃഷ്ടിയോടെ മാത്രമേ സര്‍ക്കാരിനെയും പാര്‍ട്ടിയേയും കാണൂ. യു.ഡി.എഫിന്‍റെ നിലപാട് കാലം ശരിവെച്ചിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.