കണ്ണൂർ കാള്‍ടെക്സ് ജംഗ്ഷന് സമീപം എ.കെ.ജി പ്രതിമ സ്ഥാപിച്ച സ്ഥലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് വിവാദത്തിൽ. സർക്കാർ റവന്യൂ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുത് എന്ന നിബന്ധനയിൽ കണ്ണൂർ കാൾടെക്സ് ജംഗ്ഷനിൽ എ.കെ.ജി പ്രതിമ സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചത്. ഇത് ലംഘിച്ച് കൊണ്ടാണ് റവന്യൂ ഭൂമിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതിനെതിരെ യു.ഡി.എഫ് ജില്ലാ വരണാധികാരിക്ക് പരാതി നൽകിയെങ്കിലും ഇതുവരെ നടപടി ആയില്ല.
സർക്കാർ പാട്ടത്തിന് അനുവദിച്ച റവന്യൂ ഭൂമി മറ്റ് ആവശ്യങ്ങൾക്കൊന്നും ഉപയോഗിക്കരുത് എന്ന് നിബന്ധനയോടെയാണ് കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ എ.കെ.ജി പ്രതിമ സ്ഥാപിക്കാൻ സ്ഥലം ലീസിന് അനുവദിച്ചത്. എ.കെ.ജിയുടെ പ്രതിമ മാത്രം സ്ഥാപിക്കാൻ അനുമതിയുള്ള സ്ഥലത്ത് എൽ.ഡി.എഫ് പ്രചാരണ ബോർഡ് സ്ഥാപിച്ചതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. ലീസിന് നല്‍കിയ റവന്യൂ ഭൂമി അനുവദിച്ച കാര്യത്തിന് മാത്രം ഉപയോഗിക്കണമെന്നാണ് വ്യവസ്ഥ. ഇത് ലംഘിച്ച് കൊണ്ടാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ കൂറ്റൻ ബോർഡ് എ.കെ.ജി പ്രതിമയ്ക്ക് മുന്നിൽ സ്ഥാപിച്ചത്.
സ്ഥാനാർത്ഥിയുടെ ബോർഡിനൊപ്പം സ്ഥാനാർത്ഥിയുടെ ചിഹ്നവും സ്ഥാപിച്ചിട്ടുണ്ട്. റവന്യൂ ഭൂമിയിൽ ലീസ് കരാറിന് വിരുദ്ധമായി എൽ.ഡി.എഫ് സ്ഥാപിച്ച പ്രചരണ ബോർഡ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് രംഗത്ത് എത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് യു.ഡി.എഫ് ജില്ലാ വരണാധികാരിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ഇതിനെ തുടർന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർക്കും, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം.