എല്‍ഡിഎഫും ബിജെപിയും ഒന്നിച്ചു; ബിജെപി തുണയോടെ തിരുവനന്തപുരം വെമ്പായം പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന്

തിരുവനന്തപുരം: എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബിജെപി പിന്തുണയാടെ പാസായതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. തിരുവനന്തപുരം വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണമാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. പഞ്ചായത്തിലെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ എല്‍ഡിഎഫ് ആണ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

21 അംഗ ഭരണ സമിതിയില്‍ കോണ്‍ഗ്രസിന് 8 അംഗങ്ങളാണ് ഉള്ളത്. എല്‍ഡിഎഫിന് 9 അംഗങ്ങളും ബിജെപിക്ക് 3 അംഗങ്ങളും എസ്ഡിപിഐക്ക് ഒരു അംഗവുമാണ് പഞ്ചായത്തിലുള്ളത്. അവിശ്വാസ പ്രമേയത്തെ എല്‍ഡിഎഫിന്റെ 9 പേരും ബിജെപിയുടെ 3 പേരും പിന്തുണച്ചതോടെ പാസായി. എസ്ഡിപിഐ അംഗമായ വസന്തകുമാരിയാണ് വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത്.

നേരത്തെ 8 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഭരണസമിതി തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐയുടെ പിന്തുണ ലഭിച്ചിരുന്നു. ഇതോടെ ഭരണസമിതി തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും 9 വോട്ടുകള്‍ നേടി തുല്യമായി. നറുക്കെടുപ്പിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. 25 വര്‍ഷത്തിന് ശേഷമാണ് യുഡിഎഫ് വെമ്പായം പഞ്ചായത്തില്‍ അധികാരത്തില്‍ വന്നത്. യുഡിഎഫിന്റെ എസ്ഡിപിഐ സഖ്യം വിവാദമായതോടെ രാജിവക്കാന്‍ പ്രസിഡന്റിനോടും വൈസ്പ്രസിഡന്റിനോടും ഡിസിസി ആവശ്യപ്പെട്ടെങ്കിലും ഇരുവരും വഴങ്ങിയില്ല. ഇതോടെ ഇരുവരേയും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു.

Comments (0)
Add Comment