തൃശ്ശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചാല്‍ ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കും; പ്രകാശ് ജാവദേക്കർ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തി: ദല്ലാൾ നന്ദകുമാർ


കൊച്ചി : തൃശ്ശൂരില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സഹായിച്ചാല്‍ ലാവ്‌ലിന്‍ കേസ് ഒത്തുതീര്‍പ്പാക്കാമെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് ഉറപ്പ് നല്‍കിയിരുന്നതായി ദല്ലാള്‍ നന്ദകുമാറിന്‍റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്ത് ഫ്‌ളാറ്റില്‍ വച്ചായിരുന്നു ഇരുവരുടേയും കൂടിക്കാഴ്ചയെന്നും ദല്ലാല്‍ നന്ദകുമാര്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നന്ദകുമാര്‍.

ഇ പി ജയരാജനെയും തന്നെയും ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ കണ്ടിരുന്നുവെന്നും ഇടതു മുന്നണി സഹായിച്ചാൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ കഴിയുമെന്നും ജാവദേക്കർ ഇ പിയോട് പറഞ്ഞു. പകരം എസ്എൻസി ലാവലിൻ കേസ് ഒത്തുതീർപ്പാക്കി തരാമെന്ന് ഉറപ്പ് കൊടുത്തു. എന്നാല്‍ തൃശ്ശൂർ സിപിഐ സീറ്റായതിനാൽ ഇ പി സമ്മതിച്ചില്ലെന്നും ആദ്യ ചർച്ച പരാജയപ്പെട്ടെന്നും ടി ജി നന്ദകുമാർ പറഞ്ഞു.

അതേസമയം എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെയും ദല്ലാൾ നന്ദകുമാർ  രംഗത്തെത്തി. ശോഭ സുരേന്ദ്രന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട വിവാദത്തിലായിരുന്നു ദല്ലാൾ നന്ദകുമാറിന്‍റെ മറുപടി. ശോഭ സുരേന്ദ്രന്‍റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ടാണ് അഡ്വാൻസ് തുകയായി 10 ലക്ഷം നൽകിയത്. ആ പണമാണ് തിരികെ കിട്ടാത്തത്. ശോഭയുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളിൽ പ്രശ്നം ഉണ്ടായിരുന്നുവെന്നും അവർ അന്യായമായി കൈവശം വെച്ച  ഭൂമിയാണ് തന്നോട് വിൽക്കാൻ പറഞ്ഞതെന്നും ദലാള്‍ നന്ദകുമാർ വ്യക്തമാക്കി. ശോഭാ സുരേന്ദ്രന്‍റെ സംരക്ഷണ ഭർത്താവ് മോഹൻദാസിന്‍റെ കയ്യിൽ നിന്നും അദ്ദേഹത്തിന്‍റെ ഭാര്യ പ്രസന്നാ മോഹൻദാസ് അറിയാതെ കൈവശപ്പെടുത്തിയ ഭൂമിയാണിത്. ഇക്കാര്യം ശോഭയോട് ചോദിച്ചു. ശോഭ തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ വിവരങ്ങളിലും ഈ ഭൂമിയുടെ വിവരം ഇല്ല. ഇക്കാര്യത്തിൽ വ്യക്തത തേടി രണ്ട് കത്ത് നൽകിയെങ്കിലും അതിന് മറുപടി നൽകിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Comments (0)
Add Comment