മാറ്റമില്ലാതെ മാറ്റിവെക്കല്‍! ലാവലിന്‍ കേസ് വീണ്ടും മാറ്റി; ഇത് 37-ാം തവണ

 

ന്യൂഡൽഹി: ലാവലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റിവെച്ച് സുപ്രീം കോടതി. ഇത് 37–ാം തവണയാണ് കേസ് മാറ്റിവെക്കുന്നത്.  ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിൽ 9-ാമതായാണ് ഹർജികള്‍ ലിസ്റ്റ് ചെയ്തിരുന്നതെങ്കിലും വീണ്ടും മാറ്റിവെക്കുകയായിരുന്നു. വീണ്ടും പരിഗണിക്കുന്ന തീയതി അറിയിച്ചിട്ടില്ല.

ജസ്റ്റിസ് സൂര്യകാന്ത്, ദീപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കേണ്ടിയിരുന്നത്. ഈ ബെഞ്ചിനു മുന്നില്‍വന്ന മറ്റു രണ്ടു ഹർജികളിൽ വാദം കേൾക്കുന്നത് നീണ്ടതോടെ വൈകിട്ട് 3.30നു ശേഷമാണ് ലാവലിൻ ഹർജികൾ പരിഗണനയ്ക്കു വന്നത്. സിബിഐയ്ക്കു വേണ്ടി ഹാജരാകേണ്ടിയിരുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു കോടതിയിൽ ഇല്ലാത്തതോടെ പിന്നീടു പരിഗണിക്കാനായി ഹർജികൾ മാറ്റുകയായിരുന്നു.

കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കുക വഴി സംസ്ഥാന സർക്കാരിന് 375 കോടി കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി വിധി 2017-ൽ ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരായ ഹർജികളും വിചാരണ നേരിടേണ്ടവർ തങ്ങൾക്കും ഇളവു വേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണു സുപ്രീം കോടതിക്ക് മുന്നിലുള്ളത്.

Comments (0)
Add Comment