ലാവലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയില്‍ ; കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച്

ന്യൂഡല്‍ഹി : ലാവലിൻ കേസ്  സുപ്രീം കോടതി ഇന്ന് പരിഗണിക്കും.  ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. 16 തവണ വിവിധ കാരണങ്ങളാല്‍ മാറ്റിവെച്ച കേസുകളാണ് കോടതിക്ക് മുന്നിൽ എത്തുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കോടതി എന്തെങ്കിലും പരാമർശം  നടത്തിയാൽ അദ്ദേഹം രാഷ്ട്രീയപരമായി സമ്മർദത്തിലാകും.

നിലവിലെ സാഹചര്യത്തില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യം ഉള്ളതാണ് ലാവലിന്‍ കേസ്. സി.ബി.ഐ കുറ്റപത്രത്തില്‍ ഏഴാം പ്രതിയായ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സി.ബി.ഐ നല്‍കിയ ഹർജിയും വിചാരണ നേരിടണമെന്ന ഉത്തരവിനെതിരെ കസ്തൂരിരംഗ അയ്യർ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികള്‍ നല്‍കിയ ഹർജിയുമാണ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവെക്കണമെന്ന കെ.എസ്.ഇ.ബി മുന്‍ ചെയർമാന്‍ ആർ ശിവദാസന്‍റെ അപേക്ഷ കോടതിയുടെ പരിഗണനയിലുണ്ട്. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേള്‍ക്കേണ്ട കേസല്ല ഇതെന്നാണ് ശിവദാസന്‍റെ പ്രധാന വാദം.

ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ച് പരിഗണിച്ചിരുന്ന കേസ് കഴിഞ്ഞ തവണ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അന്ന് കേസ് പരിഗണിക്കാന്‍ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് തയാറായില്ല. കേസ് ജസ്റ്റിസ് എന്‍.വി രമണയുടെ ബെഞ്ചിലേക്ക് ജസ്റ്റിസ് യു.യു ലളിത് അന്ന് മടക്കിയിരുന്നു. ശേഷമാണ് വീണ്ടും ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ കേസ് എത്തുന്നത്.

ലാവലിന്‍ കേസില്‍ 2017 ഒക്ടോബർ 23 നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍  ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിക്കൊണ്ട് സി.ബി.ഐ കോടതി വിധി പറഞ്ഞത്. പിന്നീട് കേരള ഹൈക്കോടതി ഈ വിധി ശരിവെച്ചു. ഇന്ന് കേസ് പരിഗണിക്കുന്ന കോടതി പിണറായി വിജയനെതിരെ ഏതെങ്കിലും തരത്തിലുള്ള പരാമർശം നടത്തിയാല്‍ നിരവധി വിഷയങ്ങളില്‍ പ്രതിഛായ നഷ്ടമായിരിക്കുന്ന മുഖ്യമന്ത്രി കൂടുതല്‍ സമ്മർദ്ദത്തിലാകും.

Comments (0)
Add Comment