ലാവലിന്‍ കേസ് : 2006 ലെ പരാതിയില്‍ ക്രൈം നന്ദകുമാറിന് ഇഡി നോട്ടീസ് ; തെളിവുകള്‍ ഹാജരാക്കാന്‍ നിർദേശം

Jaihind News Bureau
Thursday, March 4, 2021

കൊച്ചി : ലാവലിൻ കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ക്രൈം നന്ദകുമാറിന് നോട്ടീസ് അയച്ചു. നാളെ രാവിലെ കൊച്ചിയിലെ ഇഡി ഓഫീസിലെത്തി തെളിവുകൾ സമർപ്പിക്കാൻ നന്ദകുമാറിന് നിർദ്ദേശം നൽകി. 2006 ലാണ് എസ്എന്‍സി ലാവലിൻ ഇടപാടിലെ അഴിമതി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ക്രൈം നന്ദകുമാർ ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്‍റലിജന്‍സിന് പരാതി നൽകിയത്. ഡിആർഐക്ക് നൽകിയ ഈ പരാതിയിലാണ് 15 വർഷങ്ങൾക്ക് ശേഷം അന്വേഷണത്തിന്  ഇഡി നീക്കം ആരംഭിച്ചിരിക്കുന്നത്.

പിണറായി വിജയൻ, എം.എ ബേബി, തോമസ് ഐസക്ക് എന്നിവർക്കെതിരെ അനധികൃത സ്വത്ത് സമ്പാദനം നടത്തിയതിനാണ് താൻ പരാതി നൽകിയിരുന്നതെന്ന് ക്രൈം എഡിറ്റർ നന്ദകുമാർ ജയ്ഹിന്ദ് ന്യൂസിനോട് പറഞ്ഞു. ഇതിനിടെ കഴിഞ്ഞ വർഷം ഏപ്രിലിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് താൻ പരാതി നൽകിയെന്നും നന്ദകുമാർ പറഞ്ഞു.

നാളെ രാവിലെ 11 ന് കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിൽ ഹാജരാകാനാണ് നന്ദകുമാറിന് ലഭിച്ചിരിക്കുന്ന നിർദ്ദേശം. തൻ്റെ പക്കലുള്ള തെളിവുകൾ നാളെ ഇഡിക്ക് കൈമാറും. സി.ബി.ഐ വിധി പറയാതെ ഇരുപതിലേറെ തവണ മാറ്റിവെച്ച ലാവലിൻ കേസിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ഇതോടെ പിണറായി വിജയൻ പ്രതിയായ ലാവലിൻ കേസ് ഈ നിയമസഭാ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയാവും.