സർവീസ് പ്രതിജ്ഞ ലംഘിച്ച ചീഫ് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ലതികാ സുഭാഷ്

Jaihind News Bureau
Wednesday, June 24, 2020

ചീഫ് സെക്രട്ടറിയുടെ പ്രവൃത്തിക്കെതിരെ വിമർശനവുമായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് രംഗത്തെത്തി. കേരള ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന രാഷ്ട്രീയ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പോസ്റ്റർ അവരുടെ പേരുപോലും മാറ്റാതെ പോസ്റ്റ് ചെയ്ത സംഭവം അങ്ങേയറ്റം അപകടകരമാണ്. ഈ പ്രവർത്തിയിലൂടെ അദ്ദേഹം തന്‍റെ സർവീസ് പ്രതിജ്ഞ തന്നെ ലംഘിച്ചിരിക്കുകയാണ്. സംസ്ഥാനത്തെ ഏറ്റവും സീനിയർ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ നടത്തിയത് ചട്ടലംഘനവും കൃത്യവിലോപവുമാണ്. ആർജവമുള്ള ഒരു സർക്കാർ ഈ സംസ്ഥാനത്തുണ്ടെങ്കിൽ നടപടി എടുക്കണമെന്നും ലതിക സുഭാഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥരിൽ ഒന്നാമനും സ്വതന്ത്രമായും നീതിയുക്തമായും കാര്യങ്ങളെ കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥനുമായ കേരള ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജന സംഘടന രാഷ്ട്രീയ ആശയ പ്രചാരണത്തിനായി ഉപയോഗിക്കുന്ന പോസ്റ്റർ അവരുടെ പേരുപോലും മാറ്റാതെ പോസ്റ്റ്‌ ചെയ്ത സംഭവം അങ്ങേയറ്റം അപകടകരമാണ്. ഈ പ്രവർത്തിയിലൂടെ അദ്ദേഹം തന്‍റെ സർവീസ് ഓത്ത് തന്നെ ലംഘിച്ചിരിക്കുകയാണ്. താൻ നിഷ്പക്ഷൻ അല്ലെന്ന് വെളിവാക്കിയ അവസ്ഥയിൽ ഈ പദവിയിൽ തുടരുവാൻ ധാർമികമായി അദ്ദേഹത്തിന് അവകാശമില്ല. സംസ്ഥാനത്തെ ഏറ്റവും സീനിയർ ആയ ഐഎഎസ് ഉദ്യോഗസ്ഥൻ നടത്തിയത് ചട്ടലംഘനമാണ്, കൃത്യവിലോപമാണ്, അച്ചടക്കമില്ലായ്മയാണ്, അപമാനമാണ്. ആർജവമുള്ള ഒരു സർക്കാർ ഈ സംസ്ഥാനത്തുണ്ടെങ്കിൽ നടപടി എടുക്കണം.