തുടർഭരണം ലഭിച്ചപ്പോള്‍ സർക്കാരിന്‍റെ വാക്ക് പഴംചാക്കായി ; ലാസ്റ്റ്ഗ്രേഡ് ലിസ്റ്റ് അവസാനിക്കാന്‍ ഒരു മാസം മാത്രം ബാക്കി ; ഉദ്യോഗാർഥികള്‍ പെരുവഴിയില്‍

Jaihind Webdesk
Saturday, July 3, 2021

സർക്കാരിന്‍റെ ഉറപ്പ് മാനിച്ച് സമരം അവസാനിപ്പിച്ച ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികള്‍ പെരുവഴിയില്‍. റാങ്ക് പട്ടിക അവസാനിക്കാന്‍ കേവലം ഇനി ഒരു മാസം മാത്രം ബാക്കി ഉള്ളപ്പോഴും സർക്കാർ വാക്ക് പാലിക്കാന്‍ തയ്യാറാകുന്നില്ല. ഒഴിവുകള്‍ റിപ്പോർട്ട് ചെയ്യുന്നതും സ്ഥാനക്കയറ്റത്തിലൂടെ ഒഴിവുകള്‍ സൃഷ്ടിക്കുന്നതിലും സർക്കാർ ഗൌരവതരമായ അലംഭാവം കാണിക്കുന്നു. പട്ടികയില്‍ ഇടം നേടിയ 40000 ത്തോളം ഉദ്യോഗാർഥികളും തൊഴില്‍ രഹിതരായി തുടരുമ്പോഴാണ് സർക്കാരിന്‍റെ ഉഴപ്പന്‍ സമീപനം.

വനിതകളുള്‍പ്പടെ സെക്രട്ടേറിയേറ്റ്  നടയില്‍ ഉദ്യോഗാർഥികള്‍ മുട്ടിലിഴഞ്ഞും  ഒറക്കമൊഴിച്ചും യാചിച്ചും തള്ളിനീക്കിയ 36 ദിവസങ്ങള്‍ . തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോള്‍ പ്രതിപക്ഷ സമ്മർദം കണക്കിലെടുത്ത് സർക്കാർ ഉദ്യോഗാർഥികളെ ചർച്ചയ്ക്ക് ക്ഷണിച്ച് വാഗ്ദാനങ്ങള്‍ നല്‍കി. നിലവിലുള്ള ഒഴിവുകള്‍ കൃത്യമായി രേഖപ്പെടുത്തുമെന്നും,  സ്ഥാനക്കയറ്റിത്തിലൂടെ പുതിയ ഒഴിവുകള്‍ സൃഷ്ടിക്കുമെന്നും , നൈറ്റ് വാച്ച്മാന്‍ ജോലിയുടെ സമയം ക്രമീകരിച്ച് ഒഴിവുകള്‍ കണ്ടെത്തുമെന്നും, സ്കൂളുകളില്‍ അനധ്യാപക നിയമനങ്ങള്‍ നടത്തിയും ലിസ്റ്റിലുള്ള ഉദ്യോഗാർഥികള്‍ക്ക് ജോലി നല്‍കാമെന്നും മന്ത്രി എകെ ബാലന്‍ സമര സമിതിക്ക് എഴുതി നല്‍കിയിരുന്നു.

എന്നാല്‍ ആഗസ്റ്റ് 3 ന് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കുമ്പോഴും സർക്കാർ ഉദ്യോഗാർഥികള്‍ക്ക് അനുകൂലമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചുരുക്കത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉദ്യോഗാർഥികളുടെ കണ്ണില്‍ പൊടിയിട്ട് സമരം അവസാനിപ്പിക്കാന്‍ കാണിച്ച പ്രഹസനം മാത്രമായിരുന്നു സർക്കാരിന്‍റെ ഉറപ്പ് . ഭരണപക്ഷ യുവജന സംഘടനകള്‍ ഇക്കാര്യത്തില്‍ മൌനത്തിലാണ്