തേക്കടിയിൽ ഇത്തവണത്തെ വിനോദസഞ്ചാര സീസൺ അവസാനിക്കുകയാണ്. വിദേശികളും സ്വദേശികളുമായി രണ്ട് ലക്ഷത്തിലധികം ആളുകളാണ് തേക്കടിയുടെ കാനനഭംഗി ആസ്വദിച്ച് മടങ്ങിയത്. അതേസമയം, ടൂറിസത്തെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറെ കാലമായി വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
അവധി ആഘോഷങ്ങൾ കഴിഞ്ഞതോടെ തേക്കടിയുടെ കാനനഭംഗിയും മനോഹാരിതയും ആസ്വദിക്കാൻ വിദേശികളും സ്വദേശികളുമായി ലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് തേക്കടിയിലെത്തുന്നത്. ചൂട് കൂടിയ കാലാവസ്ഥ തുടങ്ങുമ്പോൾ തന്നെ തണുത്ത കാറ്റും കോടമഞ്ഞും പ്രതീക്ഷിച്ചുള്ള വരവാണ് സഞ്ചാരികളുടെ തിരക്ക് കൂടാൻ കാരണം. വനം വകുപ്പിന്റെയും കെ.ടി.ഡി.സി.യുടെയും ബോട്ടുകൾ തടാകത്തിൽ ബോട്ട് സവാരി നടത്തി വരുന്നു. ബോട്ട് യാത്രയ്ക്കിടെ കണ്ടുവരുന്ന കാട്ടാന കൂട്ടവും, കാട്ടുപോത്തുമെല്ലാം തന്നെ തേക്കടി തടാകതീരത്തെ മനം കുളിർപ്പിക്കുന്ന കാഴ്ചയാണ്, ഇതാണ് തേക്കടിയിലേക്ക് വിദേശീയരെ ഏറെ ആകർഷിക്കുന്ന ഘടകം. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ലക്ഷങ്ങളുടെ വരുമാനമാണ് വനം വകുപ്പിനും, ഇതിലൂടെ ലഭിച്ചത്.
എന്നാൽ ടൂറിസത്തെ ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങളാണ് കഴിഞ്ഞ കുറെ കാലമായി വനംവകുപ്പിന്റെ പക്കൽ നിന്നും ഉണ്ടാകുന്നത്. ഓരോ വർഷം കഴിയുമ്പോഴും തിരക്ക് ഏറി വരുന്നതനുസരിച്ച് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ പരാജയപെടുകയാണ്. ടൂറിസ്റ്റുകളിൽ നിന്നും ഇതിനോടകം വ്യാപകമായ പരാതികൾ ഇതിനെതിരെ ഉയർന്നു കഴിഞ്ഞു. സൗകര്യകങ്ങൾ എത്രയും വേഗത്തിൽ ഒരുക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമാണ്.