വയനാട്ടിലെ ഉരുള്‍പൊട്ടല്‍; ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു

 

വയനാട്: വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നു. അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ സേവനം ലഭ്യമാവാന്‍ 8086010833, 9656938689 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. വൈത്തിരി, കല്‍പ്പറ്റ, മേപ്പാടി, മാനന്തവാടി ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും സജ്ജമാണ്. രാത്രി തന്നെ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും സേവനത്തിനായി എത്തിയിരുന്നു. കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സംഘത്തെ വയനാട്ടില്‍ വിന്യസിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോജ് അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് വയനാട് മേപ്പാടി മുണ്ടക്കൈയില്‍ വൻ ഉരുള്‍പൊട്ടലുണ്ടായത്. എട്ട് പേർ മരിച്ചതായാണ് ലഭിക്കുന്ന വിവരം. മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്. പലരും കുടുങ്ങി കിടക്കുന്നു. ചൂരല്‍മല ടൗണിലും വ്യാപക നാശനഷ്ടങ്ങളുണ്ട്. പ്രദേശത്തേക്കുള്ള പലഗതാഗത സൗകര്യങ്ങളും നിലച്ചിരിക്കുകയാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. രക്ഷപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സഹായം തേടിയിരിക്കുകയാണ്. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. പുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതലായി ബാധിച്ച സ്ഥലത്തേക്ക് പോകുന്നതിന് വേണ്ടിയാണ് ഹെലികോപ്റ്റർ സഹായം തേടിയിരിക്കുന്നത്.

Comments (0)
Add Comment