ഐഎഎസുകാർക്ക് ക്വാർട്ടേഴ്സിനായി സ്ഥലവും 66 കോടിയും ; കൊവിഡിനിടയിലും ധൂർത്ത് തുടർന്ന് സർക്കാർ ; പ്രതിഷേധം

Jaihind Webdesk
Thursday, April 29, 2021

 

തിരുവനന്തപുരം :  ഐഎഎസ് ക്വാര്‍ട്ടേഴ്‌സ് പണിയാന്‍ തലസ്ഥാനത്തെ കണ്ണായ സ്ഥലവും 66 കോടി രൂപയും ക്ലബിന് 10 കോടി രൂപയും എഴുതിയെടുത്ത് ധൂര്‍ത്ത്. ആക്കുളത്തിനടുത്ത് ഹൗസിങ് ബോർഡിന്‍റെ കൈവശമുള്ള സർക്കാരിന്‍റെ കണ്ണായ സ്‌ഥലമാണ് ഐഎഎസുകാർ സ്വന്തമാക്കിയത്. ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് ദിവസമായിരുന്നു നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഉത്തരവിറക്കല്‍.

മുന്‍പ് വിദേശ രാജ്യങ്ങളുടെ കോൺസുലേറ്റുകളും ഓഫിസുകളും  ഒരു സ്ഥലത്താക്കാൻ നഗരത്തിൽ സ്ഥലം അന്വേഷിച്ചപ്പോൾ ഇല്ലെന്ന് റിപ്പോർട്ട് നല്‍കിയ ഉദ്യോഗസ്ഥനാണ് ഫയല്‍നീക്കത്തിനു പിന്നില്‍. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു വാക്കാൽ അംഗീകാരം വാങ്ങിയെന്നും ഉദ്യോഗസ്ഥർക്കിടയിൽ സംസാരമുണ്ട്. സിവിൽ സർവീസസ് ഓഫിസേഴ്‌സ് ക്ലബ്ബിനായി 10 കോടി രൂപ അധികം അനുവദിക്കുകയും ചെയ്തു.

അതേസമയം  ഐഎഎസ് ഉദ്യോഗസ്ഥർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 30% എച്ച്ആർഎ ലഭിക്കുന്നതിനാൽ പലരും ക്വർട്ടേഴ്സിൽ താമസിക്കാറില്ല. ഓരോ ഓഫിസർക്കും 20000 മുതൽ 60000 രൂപ വരെ ഇപ്രകാരം ലഭിക്കുക. ഈ തുകയ്ക്ക് കൂടുതല്‍ സൗകര്യങ്ങളുള്ള കെട്ടിടം വാടകയ്ക്കു ലഭിക്കുമെന്നതാണ് ക്വാർട്ടേഴ്സ് ഒഴിവാക്കാന്‍ കാരണം.  കൊവിഡ് പ്രതിരോധത്തിനു പണമില്ലെന്ന് സർക്കാർ വിലപിക്കുന്നതിനിടെയുള്ള ധൂർത്തിനെതിരെ വ്യാപക വിമർശനമാണുയരുന്നത്.