ലക്ഷദ്വീപില്‍ ബീഫ് നിരോധനത്തിന് പിന്നാലെ സ്കൂള്‍ ഉച്ചഭക്ഷണ മെനുവിലെ മാംസാഹാരവും ഒഴിവാക്കുന്നു ; സംഘപരിവാർ അജണ്ടയെന്ന് ആക്ഷേപം, പ്രതിഷേധം

 

ബീഫ് നിരോധനത്തിനെതിരെ ലക്ഷദ്വീപില്‍ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്ന് മാംസാഹാരവും ഒഴിവാക്കാന്‍ നീക്കം. ദ്വീപിലെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്നും കോഴിയിറച്ചിയും ആട്ടിറച്ചിയും പുറത്തായി. നേരത്തെ ദ്വീപുകളിൽ ഗോമാംസം നിരോധിച്ചുകൊണ്ടുള്ള ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ നീക്കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ ഉച്ചഭക്ഷണ മെനുവില്‍ നിന്നും മാംസാഹാരത്തെ പുറത്തുനിർത്താനുള്ള സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള നീക്കം.

ഉച്ചഭക്ഷണത്തില്‍ നിന്നും പൂര്‍ണ്ണമായും മാംസാഹാരം ഒഴിവാക്കിയാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള മെനു പുറത്തിറക്കിയിരിക്കുന്നത്. മുട്ടയും മത്സ്യവും നിലനിര്‍ത്തി മറ്റുള്ളവ ഒഴിവാക്കുകയായിരുന്നു. കാശ്മീരില്‍ കേന്ദ്രം നടത്തിയ ഇടപെടലിന് സമാനമാണിത്.  അരിയും പച്ചക്കറിയും ധാന്യങ്ങള്‍ക്കും പുറമേ ബീഫ് ഉള്‍പ്പെടെ എല്ലാ ഇറച്ചികളും മെനുവില്‍ ഉള്‍പ്പെടുത്തുകയും കുട്ടികള്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ വന്നതിനു ശേഷം സ്‌കൂള്‍ ഉച്ചഭക്ഷണ മെനു തയാറാക്കുന്നതിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ യോഗം വിളിച്ചിരുന്നു. കോഴിയിറച്ചിയും ആട്ടിറച്ചിയും ഒഴിവാക്കരുതെന്ന ജനപ്രതിനിധികളുടെ നിര്‍ദ്ദേശം വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചിരുന്നു. എന്നാല്‍ മെനു പുറത്തിറങ്ങിയത് മാംസാഹാരം ഒഴിവാക്കിക്കൊണ്ടായിരുന്നു. അഡ്മിനിസ്‌ട്രേറ്ററാണ് പരിഷ്‌കരിച്ച ഭക്ഷണക്രമം പുറത്തിറക്കിയത്.

കഴിഞ്ഞ ദിവസം ലക്ഷദ്വീപില്‍ ഗോവധ നിരോധനവും ബീഫ് നിരോധനവും നടപ്പാക്കുന്നതിനുള്ള നിയമത്തിന്‍റെ കരട് താല്‍ക്കാലിക അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്‍റെ നിര്‍ദ്ദേശ പ്രകാരം പുറത്തിറക്കിയിരുന്നു. ഗുജറാത്തിലെ ആഭ്യന്തര സഹമന്ത്രിയും പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തനുമാണ് പ്രഫുല്‍ പട്ടേല്‍. ഇദ്ദേഹത്തിന് താല്‍ക്കാലിക ഭരണ ചുമതല നലകിയാണ്  തങ്ങളുടെ നിഗൂഢ അജന്‍ഡകള്‍ ബിജെപി  നടപ്പാക്കുന്നത്. 96 ശതമാനത്തിലധികം മുസ്‌ലിം ജനസംഖ്യയുള്ള ദ്വീപില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

Comments (0)
Add Comment