കനത്ത പ്രതിഷേധത്തെ തുടർന്ന് ആന്ധ്ര സ്വദേശിനികളായ യുവതികൾ മലയിറങ്ങി. ഇവരെ പൊലീസ് സുരക്ഷയിൽ പത്തനംതിട്ടയിലേക്ക് മാറ്റിയിട്ടുണ്ട്. തെലങ്കാനയിൽനിന്നുള്ള തീർഥാടക സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നും ശബരിമലയിലെ സാഹചര്യം അറിയാതെയാണ് തങ്ങൾ എത്തിയതെന്നു പറഞ്ഞതായും ഐ ജി എസ് ശ്രീജിത്ത് പറഞ്ഞു. ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് മടങ്ങിവരികയും വാഹനം നിർത്തിയിട്ടിരിക്കുന്ന നിലയ്ക്കലിൽ തങ്ങളെ എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി ശ്രീജിത്ത് കൂട്ടിച്ചേർത്തു.തുടർന്ന് യുവതികളെ പമ്പാ കൺട്രോൾ റൂമിലേക്ക് കൊണ്ടുപോയി. ആചാരം ലഘിക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് അവർ വ്യക്തമാക്കിയെന്നും ഐ.ജി പറഞ്ഞു
ആന്ധ്ര ഗുണ്ടൂർ സ്വദേശികളായ വാസന്തി, ആദിശേഷി എന്നീ യുവതികളാണ് ദർശനത്തിനായി പമ്പയിലെത്തിയത്. എന്നാൽ ഇവർ പമ്പയിലെത്തിയതു മുതൽ വിശ്വാസികൾ നടത്തിയ പ്രതിഷേധങ്ങളെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. ആദ്യത്തെ നടപ്പന്തലിൽവച്ചുതന്നെ മറ്റ് അയ്യപ്പഭക്തന്മാർ ഇവരെ കണ്ടു പ്രതിഷേധിച്ചു. പ്രായത്തെ കുറിച്ച് സംശയം തോന്നിയതിനെ തുടർന്ന് ഭക്തർ ഇവരോട് ആധാർ കാർഡ് ആവശ്യപ്പെടുകയായിരുന്നു. ഇത് പരിശോധിച്ചതോടെ അമ്പതുവയസ്സിൽ താഴെയാണെന്ന് മനസ്സിലാക്കുകയും അവർ തിരിച്ചു പോകാൻ പ്രതിഷേധം തുടങ്ങുകയുമായിരുന്നു. ഭക്തർ ഇവരെ ചെളിക്കുഴിക്കു സമീപം തടഞ്ഞത്.
മുതിർന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. ശരണം വിളികളോടെ റോഡിൽ കിടന്നു പ്രതിഷേധിച്ചപ്പോൾ പൊലീസെത്തി യുവതികളെ തിരികെയിറക്കുകയായിരുന്നു. ഇവർക്കൊപ്പമെത്തിയ പുരുഷൻമാർ ദർശനത്തിനായി മല കയറി.
ശബരിമലയിൽ വിശ്വാസികളുടെ ധർമസമരമാണ് നടക്കുന്നതെന്നു മാളികപ്പുറം മേൽശാന്തി അനീഷ് നമ്പൂതിരി വ്യക്തമാക്കി. അയ്യപ്പനെ കാണാനെത്തുന്നവർ ജാതിയും മതവും നോക്കി എത്തുന്നവരല്ല. ഇപ്പോൾ ശബരിമലയിൽ എത്താൻ ശ്രമിക്കുന്നത് അടുത്തുള്ള ക്ഷേത്രങ്ങളിൽ പോലും പോകാത്തവരാണ്. ആചാരങ്ങൾ മുറുകെ പിടിക്കണമെന്നും അനീഷ് നമ്പൂതിരി പറഞ്ഞു. തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നതു മുതൽ തുടർച്ചയായി യുവതികളും ആക്ടിവിസ്റ്റുകളും എത്തിയത് ശബരിമലയെ പ്രതിഷേധഭൂമിയാക്കി മാറ്റിയിട്ടുണ്ട്.
തുലാ മാസ പൂജകൾക്ക് ശേഷം നാളെ നടയടയ്ക്കാനിരിക്കെ വൻ ഭക്തജനത്തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.