സ്വർണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വിമർശനം; സംസ്ഥാന ഘടകത്തില്‍ നിന്ന് വിശദമായ റിപ്പോർട്ട് തേടി

Jaihind News Bureau
Sunday, July 26, 2020

സ്വർണക്കടത്ത് കേസില്‍ സംസ്ഥാന സർക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയില്‍ വിമർശനം. ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റി വിശദമായ റിപ്പോർട്ട് തേടി. ബംഗാൾ ഘടകമാണ് കേരളത്തിലെ സ്വർണക്കടത്ത് വിഷയവും പാർട്ടി നേരിടുന്ന പ്രതിസന്ധിയും കമ്മിറ്റിയില്‍ ഉന്നയിച്ചത്. തൃപുര ഘടകവും ഇതിനെ അനുകൂലിച്ചു.

സംഭവം ദേശീയതലത്തിൽ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്നും കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് വലിയ കളങ്കമാണ് സ്വർണക്കടത്ത് കേസ് ഉണ്ടാക്കിയതെന്നും വിമർശനം ഉയർന്നു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് കേരളത്തിലെ പാർട്ടിയും സർക്കാരും വ്യതിചലിച്ചുവെന്നും മേലില്‍ ഇത്തരം ജാഗ്രതക്കുറവ് ഉണ്ടാകരുതെന്ന നിർദ്ദേശവും കമ്മിറ്റിയില്‍ ഉണ്ടായി.

https://www.facebook.com/JaihindNewsChannel/videos/2007654282697768/

അന്താരാഷ്ട്ര ബന്ധമുള്ള ഒരു സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ കരിനിഴലിൽ വന്നത് പാർട്ടിക്ക് പ്രതിശ്ചായ നഷ്ടം ഉണ്ടാക്കി.
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കേസിൽ കമ്മ്യൂണിസ്റ്റ് സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ചരിത്രത്തിൽ ഇതുവരെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനും എതിരെ ഇത്തരം ഒരു ആരോപണം ഉണ്ടായിട്ടില്ല. ആദ്യമായാണ് രാജ്യാന്തര തലത്തിലുള്ള ഒരു കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹം പോലുള്ള കുറ്റം ചെയ്തു എന്ന സംശയത്തിന്‍റെ നിഴലില്‍ പാർട്ടി നേതൃത്വത്തിലുള്ള സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും എത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഉന്നത പദവി വഹിക്കുന്നതുമായ വ്യക്തി ഉൾപ്പെടെ ആരോപണത്തിന്‍റെ നിഴലിലാവുകയും എന്‍ഐഎ ചോദ്യം ചെയ്തതും അതീവ ഗൗരവമുള്ള വിഷയമാണെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി.

എന്തുകൊണ്ട് പാർട്ടിക്ക് സർക്കാരിൽ നിയന്ത്രണം നഷ്ടമായി എന്ന ചോദ്യവും ഉയർന്നു. പിണറായി പക്ഷത്തോട് അടുപ്പമുള്ള കേരളത്തിൽ നിന്നുള്ള പി ബി അംഗം കേന്ദ്ര കമ്മിറ്റിയിൽ ഇത്തരത്തിൽ വിമർശനം ഉണ്ടായത് പുറത്ത് പോയാൽ സർക്കാരിന് പ്രതിശ്ചായ നഷ്‌ടം ഉണ്ടാകുമെന്നും അഭപ്രായപ്പെട്ടു. അതിനാൽ പരസ്യ പ്രതികരണം ഒഴിവാക്കണം എന്നും അഭ്യർത്ഥിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിൽ വിഷയത്തിൽ വിശദമായ റിപ്പോർട്ട് നൽകാനാണ് സംസ്ഥാന ഘടകത്തിന് കേന്ദ്ര കമ്മിറ്റി നിർദ്ദേശം.