മംഗളൂരുവിൽ ലാബ് ടെക്നീഷ്യന് നിപ ലക്ഷണം ; സമ്പര്‍ക്കപട്ടികയില്‍ മലയാളിയും

Jaihind Webdesk
Tuesday, September 14, 2021

മംഗളൂരു: മംഗളൂരുവിൽ ഒരാൾക്ക് നിപ ലക്ഷണം. വെൻലോക് ആശുപത്രിയിലെ ലാബ് ടെക്നീഷ്യനാണ് രോഗ ലക്ഷണം അനുഭവപ്പെട്ടത്. പരിശാധനകൾക്കായി ഇയാളുടെ സ്രവ സാമ്പിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. കേരളത്തിൽ നിന്നെത്തിയ ഒരാളുമായി ഇയാൾ സമ്പർക്കത്തിലേർപ്പെട്ടെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഗോവയിലേക്ക് അടുത്തിടെ ഇയാൾ യാത്രചെയ്തിട്ടുണ്ടെന്നും കേരളത്തിൽ നിന്നും തിരിച്ചെത്തിയ ഒരാളുമായും ഇയാൾ സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെന്നും കർണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കി. നിപ വൈറസ് ബാധിതനാകാനുള്ള സാധ്യത കുറവാണെന്നും പുണെയില്‍ നിന്ന് ഫലം വരുന്നതിനായി കാത്തിരിക്കുകയാണെന്നും  അധികൃതർ അറിയിച്ചു.

അതേസമയം നിപ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മംഗളൂരു നഗരത്തില്‍ ജാഗ്രത കടുപ്പിച്ചിട്ടുണ്ട്. തലപ്പാടി ചെക്‌പോസ്റ്റ് കടന്ന് കേരളത്തില്‍ നിന്നും എത്തുന്നവരില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനം.