മുഖ്യമന്ത്രിയുടെ വിരട്ടല്‍ വ്യാപാരികളോട് വേണ്ട ; നാളെ മുതല്‍ കടകള്‍ തുറക്കുമെന്ന് നസറുദ്ദീന്‍

Jaihind Webdesk
Friday, July 16, 2021

തിരുവനന്തപുരം: കടകള്‍ നാളെ മുതല്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീന്‍. മുഖ്യമന്ത്രിയുടെ വിരട്ടല്‍ തങ്ങളോടു വേണ്ട. കൈകാര്യം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് കാര്യമാക്കുന്നില്ലെന്നും നസിറുദ്ദീന്‍ പറഞ്ഞു. ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച.

മുഖ്യമന്ത്രിയുടെ ഭാഷ തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും തങ്ങളോടു വിരട്ടല്‍ വേണ്ടെന്നാണ് നസിറുദ്ദീന്‍ വ്യക്തമാക്കിയത്. നാളെയും മറ്റന്നാളും(ശനി, ഞായര്‍) സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ ആണ്. എന്നാല്‍ അത് കാര്യമാക്കാതെ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്നാണ് നസിറുദ്ദീന്‍ പറയുന്നത്. എല്ലാ ദിവസവും കടകള്‍ തുറക്കാനുള്ള അനുമതി ഇന്നുമുതല്‍ നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നു വൈകിട്ട് മൂന്നരയ്ക്ക് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടക്കാനിരിക്കെയാണ് നസിറുദ്ദീന്റെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. വ്യാപാരികള്‍ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടത് കൊണ്ട് സമയം മാറ്റുകയായിരുന്നു.

പ്രദേശികമായി ടി.പി.ആര്‍. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്നും ആഴ്ചയില്‍ അഞ്ച് ദിവസം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാല്‍ കേരളത്തില്‍ ടി.പി.ആര്‍. പത്ത് ശതമാനത്തിന് താഴേക്ക വരാത്തതിനാല്‍ ഇക്കാര്യത്തില്‍ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.