കുഴല്‍മന്ദം കെഎസ്ആർടിസി അപകടം ; ബോധപൂർവ്വം ഇടിച്ചിട്ടതെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ ; ഡ്രൈവർ അറസ്റ്റിൽ

Jaihind Webdesk
Friday, February 11, 2022

തിരുവനന്തപുരം : കുഴൽമന്ദത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. വടക്കാഞ്ചേരി ഡിപ്പോയിലെ ഡ്രൈവർ സിഎൽ ഔസേപ്പിനെയാണ് അറസ്റ്റു ചെയ്തത്. ഇയാളെ കഴിഞ്ഞ ദിവസം കെഎസ്ആർടിസി സസ്പെൻഡ് ചെയ്തിരുന്നു. ബോധപൂർവ്വം കെഎസ്ആർടിസി ഡ്രൈവർ അപകടം ഉണ്ടാക്കി എന്നാണ് മരിച്ചവരുടെ കുടുംബത്തിന്റെ ആരോപണം

ഈ മാസം 7ന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ഇടിച്ചാണ് ആദർശ, സബിത്ത് എന്നീ യുവാക്കൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ടുള്ള വിഡിയോ ദൃശ്യങ്ങൾ വാർത്താ ചാനലുകളിലും, സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയും ചെയ്തിരുന്നു. ഇവ പരിശോധിച്ചതിന്‍റെ അടിസ്ഥാനത്തിൽ, കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അനുമാനത്തെ തുടർന്നാണ് സസ്പെൻഡ് ചെയ്തത്.

ലോറിയെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് പെട്ടെന്ന് വെട്ടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. ‌‌ ബൈക്കിൽ സഞ്ചരിച്ച യുവാക്കൾ ബസ് തട്ടാതിരിക്കാൻ വെട്ടിച്ചപ്പോൾ, ലോറിയിൽ തട്ടിയശേഷം തിരികെ ബസിനടിയിൽ വീണാണ് അപകടമുണ്ടായതെന്ന് പുറത്തുവന്ന ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.