കുവൈറ്റ് ദുരന്തം: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആറ് പേരുടെ മരണം സ്ഥിരീകരിച്ചു, മരിച്ചവരില്‍ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും; 23 പേര്‍ മലയാളികള്‍, 9 പേർ ഗുരുതരാവസ്ഥയിൽ

 

 

തിരുവനന്തപുരം: കുവൈറ്റ് അപകടത്തില്‍ പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചേർന്ന് ചെയ്യുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. അപകടത്തിൽ മരിച്ചവരുടെ വീടുകൾ ആരോഗ്യ മന്ത്രിയും ആന്‍റോ ആന്‍റണി എംപിയും സന്ദർശിച്ചു. ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്നും ബന്ധുക്കളും നാട്ടുകാരും വിട്ട് മാറിയിട്ടില്ല. മരിച്ചവരെല്ലാം തന്നെ സാധാരണ കുടുംബാംഗങ്ങളാണ്. പലരും നാട്ടിലേക്ക് വരാൻ തയ്യാറാകുന്നവരും ആയിരുന്നു.

പന്തളം സ്വദേശി ആകാശ് എസ് നായർ, വാഴമുട്ടം സ്വദേശി മുരളീധരൻ നായർ, കോന്നി അട്ടച്ചാക്കൽ സ്വദേശി സജു വർഗ്ഗീസ്, തിരുവല്ല മേപ്രാൽ സ്വദേശി തോമസ് സി ഉമ്മൻ, നിരണം സ്വദേശി മാത്യു തോമസ്, കീഴ്വായ്പൂർ നെയ്വേലി സ്വദേശി സിബിൻ പി. എബ്രഹാം എന്നിവരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൃതദേഹങ്ങൾ ഇന്ന് നാട്ടിൽ എത്തുമ്പോൾ പത്തനംതിട്ട ജില്ലയ്ക്ക് ഇത് വേദനയുടേയും ദുഖത്തിന്‍റെയും ദിനമാകും.

അപകടത്തിൽ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയും മരിച്ചു. നെടുമങ്ങാട് ഉഴമലയ്ക്കൽ കുര്യാത്തി ലക്ഷം വീട് കോളനിയിൽ അരുൺബാബു ആണ് മരിച്ചത്. 37 വയസ്സായിരുന്നു. ആറ് മാസം മുമ്പാണ് ഗൾഫിലേക്ക് പോയത്. കൊറോണയ്ക്ക് മുമ്പ് രണ്ട് വർഷം ഇതേ കമ്പനിയിൽ ജോലി നോക്കിയിരുന്നു. കമ്പനിയുടെ ക്യാമ്പിലായിരുന്നു താമസം. ബന്ധുക്കൾ കഴിഞ്ഞ രണ്ട് ദിവസമായി ഫോണിൽ വിളിച്ചെങ്കിലും ബന്ധപ്പെടാനായിരുന്നില്ല. ഇന്ന് ഉച്ചയോടെ കമ്പനിയിൽ നിന്ന് വിളിച്ച് മരണ വിവരം അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. ഭാര്യയും രണ്ട് മക്കളുമുണ്ട്.

ഇതോടെ കുവൈറ്റ്  അഗ്നിബാധയില്‍ മരിച്ച 49 പേരില്‍ 46 പേരും ഇന്ത്യക്കാരെന്ന് സ്ഥിരീകരിച്ചു. ഇതില്‍ 23 മലയാളികളുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. അതേസമയം  ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ എംബാബിങ് നടത്തി ഇന്ന് രാത്രി തന്നെ ഇന്ത്യയിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനായുള്ള അവസാനവട്ട നടപടികള്‍ നടന്ന് വരുകയാണ്. ഇതിനകം 23 ആംബുലൻസുകള്‍ നോർക്ക സജ്ജമാക്കിയിട്ടുണ്ട്.

അതേസമയം, പ്രവാസി മലയാളികളെ വലിയ രീതിയില്‍ ബാധിച്ച, ദുരന്തത്തില്‍, കേരള സര്‍ക്കാരിന്‍റെ പ്രതിനിധിയായ മന്ത്രി വീണ ജോര്‍ജ്  കുവൈറ്റ് എത്താന്‍ വൈകിയതിലുള്ള പ്രതിഷേധം വ്യാപകമാണ്. കേരള സര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന അനാദരവ് ആണ് ഇതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

 

 

 

 

Comments (0)
Add Comment