കുവൈറ്റ് ദുരന്തം; പരുക്കേറ്റ 14 മലയാളികള്‍ അപകടനില തരണം ചെയ്തു, ആശ്വാസം

 

തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തില്‍ ചികിത്സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്. പരിക്കേറ്റ് ചികിത്സയിലുള്ള 14 മലയാളികളിൽ 13 പേരും നിലവിൽ വാർഡുകളിലാണ് ചികിത്സയിലുള്ളത്. ഇവർ ആരുടെയും നില ഗുരുതരമല്ല. ഒരാൾ മാത്രമാണ് ഐസിയുവിൽ തുടരുന്നത്. അൽ അദാൻ, മുബാറക് അൽ കബീർ, അൽ ജാബർ, ജഹ്‍റ ഹോസ്പിറ്റൽ, ഫർവാനിയ ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ചികിത്സയിൽ കഴിയുന്നത്. മൊത്തം 31 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.

അതേസമയം , കുവൈറ്റ് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. കുവൈറ്റ് ദുരന്തത്തിൽ മരിച്ച  വിളച്ചിക്കാല സ്വദേശി ലൂക്കോസിന്‍റെ സംസ്കാരം വിളച്ചിക്കാല ഐപിസി സെമിത്തേരിയില്‍ ഇന്ന് നടക്കും. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി പ്ലസ്ടു പാസായ മൂത്ത മകള്‍ ലിഡിയയുടെ നഴ്സിംഗ് അഡ്മിഷനായി അടുത്ത മാസം നാട്ടില്‍ വരാനിരിക്കേയാണ് ലൂക്കോസ് മരിച്ചത്. 18 വര്‍ഷമായി കുവൈറ്റിലായിരുന്നു.

കൊല്ലം പുനലൂർ സ്വദേശി സാജൻ ജോർജിന്‍റെ സംസ്കാരം നരിക്കൽ മാർത്തോമാ ചർച്ച് സെമിത്തേരിയിലും നടക്കും. അടൂരിലെ സ്വകാര്യ എന്‍ജിനീയറിങ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്ന പുനലൂർ സ്വദേശിയായിരുന്ന സാജൻ ഒന്നരമാസം മുമ്പായിരുന്നു കുവൈറ്റിൽ എത്തിയത്. കുറച്ചുകാലം ഗള്‍ഫില്‍ ജോലിചെയ്ത ശേഷം തിരിച്ചെത്തി പഴയ ജോലിയില്‍ തിരികെ കയറാമെന്ന പ്രതീക്ഷയിൽ ജീവിതം കരുപ്പിടിപ്പിക്കുമ്പോൾ ആയിരുന്നു സാജന്‍റെ അപ്രതീക്ഷിത വിയോഗമുണ്ടായത്.

പത്തനംതിട്ട പന്തളം സ്വദേശി ആകാശ് ശശിധരന്‍റെയും കണ്ണൂർ കുറുവ സ്വദേശി അനീഷ് കുമാറിന്‍റെയും സംസ്കാരവും ഇന്ന് നടക്കും. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അനീഷ് കുമാറിന്‍റെ മൃതദേഹം രാവിലെ എട്ട് മണിയോടെ നാട്ടിലേക്ക് കൊണ്ടുവരും. തുടര്‍ന്ന് കുറുവയിലെ പൊതുദർശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുവരും. പതിനൊന്ന് വർഷമായി കുവൈറ്റിൽ ജോലി ചെയ്യുന്ന അനീഷ് പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥിരതാമസമാക്കാനുള്ള തയാറെടുപ്പിൽ ആയിരുന്നു. കഴിഞ്ഞ മാസം പതിനാറിനാണ് നാട്ടിൽ നിന്ന് തിരിച്ചുപോയത്. കുവൈറ്റിൽ സൂപ്പര്‍മാര്‍ക്കറ്റ് സൂപ്പര്‍വൈസറായിരുന്നു.

കുവൈത്തിൽ ചികിത്സയിലുള്ള മലയാളികൾ

1.സുരേഷ് കുമാർ നാരായണൻ – ഐസിയു – അൽ ജാബർ ഹോസ്പിറ്റൽ
2.നളിനാക്ഷൻ – വാർഡ്
3.സബീർ പണിക്കശേരി അമീർ – വാർഡ്
4.അലക്സ് ജേക്കബ് വണ്ടാനത്തുവയലിൽ -വാർഡ്
5.ജോയൽ ചക്കാലയിൽ – വാർഡ്
6.തോമസ് ചാക്കോ ജോസഫ് – വാർഡ്
7.അനന്ദു വിക്രമൻ – വാർഡ്
8.അനിൽ കുമാർ കൃഷ്ണസദനം – വാർഡ്
9.റോജൻ മടയിൽ – വാർഡ്
10.ഫൈസൽ മുഹമ്മദ് – വാർഡ്
11.ഗോപു പുതുക്കേരിൽ – വാർഡ്
12.റെജി ഐസക്ക്- വാർഡ്
13.അനിൽ മത്തായി- വാർഡ്
14.ശരത് മേപ്പറമ്പിൽ – വാർഡ്

Comments (0)
Add Comment