കുവൈറ്റ് തീപിടിത്തം; മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞതായി നോർക്ക, 45 ഇന്ത്യക്കാർ മരിച്ചതായി കുവൈറ്റ് അധികൃതർ

 

തിരുവനന്തപുരം: കുവൈറ്റിലെ ​ദുരന്തത്തിൽ മരിച്ച 24 മലയാളികളിൽ 22 പേരെ തിരിച്ചറിഞ്ഞതായി നോർക്ക. 12 പേർ ഐസിയുവിൽ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നുമാണ് നോർക്കയ്ക്ക് ലഭിച്ച വിവരം. മൃതദേഹങ്ങൾ ഇന്ന് തന്നെ നാട്ടിൽ എത്തിച്ചേക്കും. തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞതായും നോർക്ക അറിയിച്ചു. അതേസമയം, മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. 3 ഫിലിപ്പിനോ പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായി അധികൃതർ വ്യക്തമാക്കി.

വിവിധ സംഘടനകൾ ചേർന്നുള്ള രക്ഷദൗത്യം പുരോഗമിച്ചു വരികയാണ്. പരിക്കേറ്റവർക്ക് പൂർണമായും ചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്. തീപിടുത്തം ഉണ്ടായപ്പോൾ തൊഴിലാളികൾക്ക് പുറത്തിറങ്ങാനായില്ല. പ്രവാസികളുടെ ജീവിത സാഹചര്യം മെച്ചപ്പെടണം. പ്രവാസികളുടെ താമസ സൗകര്യത്തിന് ദുരന്തം വലിയൊരു പാഠമാണെന്നും കെ.വി. അബ്ദുൽഖാദർ പറഞ്ഞു.

അതിനിടെ, മൃതദേഹങ്ങൾ ഇന്ത്യയിൽ എത്തിക്കാൻ വിമാനങ്ങൾ തയാറാക്കാൻ കുവൈറ്റ് അമീർ നിർദ്ദേശം നൽകി. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും കുവൈറ്റ് അമീർ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങൾ അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും അപകടത്തില്‍പ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ നോര്‍ക്കയുടെ ആഭിമുഖ്യത്തിലും പ്രവാസികളുടെ മുന്‍കൈയിലും ശ്രമം നടക്കുന്നുണ്ട്. ഹെല്‍പ്പ് ഡെസ്ക്കും ഗ്ലോബല്‍ കോണ്‍ടാക്ട് സെന്‍ററും മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്.

Comments (0)
Add Comment