കുവൈറ്റ് തീപിടിത്തം: മരിച്ചവരിൽ 21 ഇന്ത്യക്കാര്‍, 11പേര്‍ മലയാളികൾ, കൊല്ലം സ്വദേശിയെ തിരിച്ചറിഞ്ഞു

 

കുവൈത്ത് : കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരിൽ 11 പേർ മലയാളികൾ. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം.

തീപിടിത്തത്തിൽ മരിച്ച 36 പേരെ തിരിച്ചറിഞ്ഞു. ഇതിൽ 15 പേർ ഇന്ത്യക്കാരെന്നാണ് വിവരം. പതിനാറുപേരെ ഇനിയും തിരിച്ചറിയാനുണ്ട്. പാകിസ്താനിൽ നിന്നും ഈജിപ്തിൽ നിന്നുള്ള ഒരാളും ഫിലിപ്പീൻസിൽ നിന്നുള്ള രണ്ടുപേരും മരിച്ചവരിൽ ഉൾപ്പെടും. പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനി ജീവനക്കാര്‍ താമസിക്കുന്ന മംഗഫിലെ (ബ്ലോക്ക്-4) ആറ് നില കെട്ടിടത്തിലാണ് സംഭവം നടന്നത്. കെട്ടിടത്തിലെ വിവിധ ഫ്‌ളാറ്റുകളിലായി 195 പേരാണ് താമസിച്ചിരുന്നത്. താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. പുലര്‍ച്ചെ ആളുകള്‍ നല്ല ഉറക്കത്തിലായിരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്‍റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.

ഷെബീർ, രജിത്ത്, അലക്സ്, ജോയൽ, അനന്ദു, ഗോപു, ഫൈസൽ തുടങ്ങിയവരാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന മലയാളികൾ. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാസറഗോഡ്, കണ്ണൂർ, കൊല്ലം സ്വദേശികളാണ് പരിക്കേറ്റവരിലേറെയും എന്നാണ് ലഭിക്കുന്ന വിവരം.

Comments (0)
Add Comment