കോഴിക്കോട് : സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലി കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പ്രതിഷേധം. സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ പ്രതിഷേധവുമായി ആയിരത്തിലേറെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി. ‘നേതാക്കളെ പാര്‍ട്ടി തിരുത്തും, പാര്‍ട്ടിയെ ജനംതിരുത്തും’ എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം. ഇത് രണ്ടാം തവണയാണ് പ്രവർത്തകർ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുന്നത്.
കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.
അതിനിടെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വിമതസ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും നീക്കം നടക്കുന്നുണ്ട്. സിപിഎം ഏരിയ കമ്മിറ്റിയംഗത്തെ വിമതസ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ഇദ്ദേഹം മുന്‍ ഡിവൈഎഫ്‌ഐ നേതാവ് കൂടിയാണ്.
അതേസമയം സീറ്റ് തിരിച്ചെടുക്കണമെന്നാണ് പാര്‍ട്ടി മണ്ഡലം കമ്മിറ്റി ഒറ്റക്കെട്ടായി നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ സീറ്റ് കേരളാ കോണ്‍ഗ്രസിന് തന്നെയെന്ന നിലപാടില്‍ മാറ്റമില്ലെന്ന് നേതൃത്വം ഉറച്ചു നിന്നതോടെ പരസ്യമായി വിമതസ്വരം ഉയര്‍ത്താന്‍ തന്നെ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.