കുസാറ്റ് അപകടത്തില്‍ നാട് വിറങ്ങലിച്ച് നില്‍ക്കെ നവകേരള സദസുമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അനുശോചനം പ്രസ്താവനയില്‍ ഒതുക്കിയ മുഖ്യമന്ത്രി സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ പോലും തയ്യാറായില്ല. മരിച്ചവരെയും അവരുടെ ഉറ്റ ബന്ധുക്കളെയും കാണാനും മുഖ്യമന്ത്രിയെത്തില്ല. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ കാണുന്നതിന് പകരം ഇന്ന് കോഴിക്കോട് പൗരപ്രമുഖരെ കാണാനുളള തീരുമാനമാണ് മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്. നവകേരള സദസ്സിന്റെ മൂന്നാം ദിവസമായ ഇന്ന് കുസാറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മണിക്ക് ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കണ്‍വെന്‍ഷന്‍ സെന്ററില്‍ പൗരപ്രമുഖരെ കാണാനുളള പ്രഭാതയോഗം ചേരും. എന്നാല്‍ പ്രഭാത യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനവും കളമശേരി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയെന്നാണ് അറിയിപ്പ്. ഇത്തരമൊരു സാഹചര്യത്തില്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ട് സംഭവവും തുടര്‍നടപടികളും വിശദീകരിക്കുന്നതാണ് സാധാരണയായി നടക്കാറുളളത്. എന്നാല്‍ അതിനൊന്നും മുഖ്യമന്ത്രി തയ്യാറല്ല. ഇന്നലെ നവകേരള സദസിനെതിരെ വിവിധയിടങ്ങളില്‍ പ്രതിഷേധമുണ്ടായിരുന്നു. ഇന്നും യുജനസംഘടനകളുടെ പ്രതിഷേധം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.