‘പോയെടാ… എന്റെ കുട്ടി പോയി…’; കരഞ്ഞുതളര്‍ന്ന് റോയ്, ഹൃദയംനുറുങ്ങും വേദന


പോയെടാ… എന്റെ കുട്ടി പോയി…അവള്‍ പോയില്ലേ… ഇനി എന്തിനാണിവിടെ നില്‍ക്കുന്നത്. കുസാറ്റ് ദുരന്തത്തില്‍ വിദ്യാര്‍ത്ഥിനി ആന്‍ റുഫ്തയുടെ മരണവിവരം അറിഞ്ഞ പിതാവ് റോയ് പൊട്ടിക്കരഞ്ഞപ്പോള്‍ ആശ്വസിപ്പിക്കാനാകാതെ ഹൈബി ഈഡന്‍ അടക്കമുള്ളവര്‍. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ഹൈബി ഈഡന്‍ എം പി., ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്കൊപ്പമാണ് റോയിയും മകന്‍ റിഥുലും കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയത്.

ആനിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് കരഞ്ഞു തളര്‍ന്ന റോയിയെയും മകനെയും ആശ്വസിപ്പിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു കണ്ടു നിന്നവരെല്ലാം. ഹൈബി ഈഡന്റെ കാറിലാണ് റോയിയെയും മകനെയും വീട്ടിലേക്ക് മടക്കിവിട്ടത്. അറിയപ്പെടുന്ന ചവിട്ടുനാടക ആചാര്യമാണ് റോയി. ആന്‍ റുഫ്തയുടെ അമ്മ സിന്ധു വിസിറ്റിങ് വിസയില്‍ ഇറ്റലിയിലേക്ക് ജോലി തേടി പോയിരിക്കുകയാണ്. അവരെ അപകടവിവരം അറിയിച്ചിട്ടുണ്ട്. മകളെ പഠിപ്പിക്കാനുള്ള പണം കണ്ടെത്താനായിട്ടാണ് അവര്‍ ഇറ്റലിക്ക് പോയത്. അവര്‍ക്ക് അവിടെനിന്ന് മടങ്ങിവരാന്‍ കഴിയുമോ എന്നതിലടക്കം നിലവില്‍ സംശയം ഉണ്ട്. കുസാറ്റ് ദുരന്തത്തില്‍ ആന്‍ റുഫ്ത അടക്കം നാലുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. സംഗീതനിശ നടക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടായിരുന്നു ദുരന്തം സംഭവിച്ചത്.

 

Comments (0)
Add Comment