കുണ്ടറയില്‍ ശശീന്ദ്രനെ വെള്ളപൂശി നിയമോപദേശം; മലയാളം നിഘണ്ടുവിനെ കൂട്ടുപിടിച്ച് ‘പരിഹാരം’

 

കൊല്ലം : കുണ്ടറ പീഡന പരാതി കേസിൽ മന്ത്രി എ.കെ ശശീന്ദ്രനെ വെള്ളപൂശി നിയമോപദേശം. സംഭവത്തില്‍ ശശീന്ദ്രന്‍ കുറ്റക്കാരനല്ലെന്ന നിയമോപദേശം പൊലീസിന് ലഭിച്ചു. മന്ത്രിക്കെതിരെ കേസെടുക്കണമെന്ന പരാതിയിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു.

പരാതിക്കാരിയുടെ അച്ഛനോട് നല്ല നിലയിൽ പരിഹരിക്കണം എന്നാണ് മന്ത്രി പറഞ്ഞതെന്നും മലയാളം നിഘണ്ടു പ്രകാരം പരിഹരിക്കുക എന്ന വാക്കിന് നിവൃത്തി വരുത്തുക, കുറവ് തീർക്കുക എന്നതാണ് അർത്ഥമെന്നും നിയമോപദേശത്തിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇരയുടെ പേരോ പരാമർശമോ മന്ത്രി നടത്തിയിട്ടില്ലെന്നും കേസ് പിൻവലിക്കണമെന്നോ ഭീഷണിയോ ഇല്ലാത്ത സാഹചര്യത്തിൽ മന്ത്രി കുറ്റക്കാരനല്ലെന്നുമാണ് പൊലിസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെന്‍റ് പ്ളീഡർ ആർ സേതുനാഥൻപിള്ള ശാസ്താംകോട്ട ഡിവൈഎസ്പിക്ക് നിയമോപദേശം കൈമാറി.

Comments (0)
Add Comment