പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ; 600 കോടിയുമായി മുങ്ങി ബിജെപി നേതാക്കള്‍, ‘ഹെലികോപ്റ്റർ ബ്രദേഴ്സി’നെതിരെ പരാതി 

Jaihind Webdesk
Saturday, July 24, 2021

ചെന്നൈ : പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി 600 കോടിയോളം തട്ടിയെടുത്ത കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കള്‍ക്കെതിരെ പരാതി. ‘ഹെലികോപ്റ്റർ ബ്രദേഴ്സ്’  എന്നറിയപ്പെടുന്ന ഗണേഷിനും സഹോദരന്‍ സ്വാമിനാഥനുമെതിരെയാണ് പരാതി. തിരുവാരൂരില്‍ നിന്ന്  6 വര്‍ഷം മുന്‍പാണ് ഗണേഷും സഹോദരന്‍ സ്വാമിനാഥനും കുംഭകോണത്തേക്കെത്തിയത്.

പാലുൽപ്പനങ്ങൾ വിറ്റ് തുടങ്ങിയ ഇവർ 2019ൽ ധനകാര്യ സ്ഥാപനം തുടങ്ങി. കുട്ടിയുടെ ആദ്യത്തെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഗണേഷിനും സഹോദരനും ഹെലികോപ്റ്റർ ബ്രദേഴ്സ് എന്ന പേര് ലഭിച്ചത്.

2019ൽ അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇവർ റജിസ്റ്റർ ചെയ്തിരുന്നു. നാട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ഇരുവരും ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയത്. തുടക്കത്തിൽ പണം ഇരട്ടിയാക്കി നൽകിയെങ്കിലും കൊവിഡ് പ്രതിസന്ധി രൂക്ഷമായതോടെ മുടങ്ങി.

നിക്ഷേപിച്ച ആളുകൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇവർ അവധി ചോദിച്ചു. പണം തിരികെ കിട്ടാതെ വന്നതോടെ, 15 കോടി നിക്ഷേപിച്ച ദമ്പതികൾ പൊലീസിൽ പരാതി നൽകി. ഇതോടെയാണ് തട്ടിപ്പ് നാട്ടുകാർ അറിഞ്ഞത്. ഇതോടെ ഇരുവരും കടന്നുകളഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഗണേഷിനെ ബിജെപി ഭാരവാഹിത്വത്തിൽനിന്ന് പുറത്താക്കിയതായി നേതാക്കൾ അറിയിച്ചു.