കര്‍ണാടകയില്‍ സഖ്യ സര്‍ക്കാറിനെ വീഴ്ത്തി

Jaihind Webdesk
Tuesday, July 23, 2019

ബെംഗളൂരു: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ എച്ച്.ഡി. കുമാരസ്വാമി സര്‍ക്കാര്‍ തകര്‍ന്നു. വിശ്വാസ പ്രമേയ ചർച്ചയ്ക്ക് ശേഷം വോട്ടെടുപ്പ് ആരംഭിക്കാൻ സ്പീക്കർ അനുമതി നൽകി. വെെകീട്ട് 7.25 ഓടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്. വിശ്വാസ വോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസ്-ജെഡിഎസ് സർക്കാരിന് സാധിച്ചില്ല. ഇതോടെ കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്തായി. 2018 മേയ് 23 നാണ് കുമാരസ്വാമി സര്‍ക്കാര്‍ അധികാരമേറ്റത്. 14 മാസത്തിന് ശേഷമാണ് സർക്കാർ നിലംപതിച്ചിരിക്കുന്നത്.

വിശ്വാസ വോട്ടെടുപ്പിൽ ഭരണപക്ഷത്തുള്ള കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് ഉണ്ടായിരുന്നത് 99 എംഎൽഎമാരുടെ പിന്തുണയാണ്‌. ബി.ജെ.പിക്ക് 105 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ സാധിച്ചു. ഇതോടെ കുമാരസ്വാമി സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായി.  വിശ്വാസ പ്രമേയ ചർച്ചയ്ക്ക് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി മറുപടി പ്രസംഗം നടത്തി. വെെകീട്ട് 5.30 ഓടെയാണ് കുമാരസ്വാമി പ്രസംഗം ആരംഭിച്ചത്. ഒന്നര മണിക്കൂറിലേറെ കുമാരസ്വാമി പ്രസംഗിച്ചു. അതിനുശേഷം വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചു. 7.25 ഓടെയാണ് വിശ്വാസ വോട്ടെടുപ്പ് ആരംഭിച്ചത്.

വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടന്നില്ലെങ്കിൽ താൻ രാജി വയ്ക്കുമെന്ന് സ്പീക്കർ കെ.ആർ.രമേഷ് കുമാറും അറിയിച്ചു. രാജിക്കത്ത് പോക്കറ്റില്‍ വച്ചാണ് ഇന്ന് സഭയിലെത്തിയതെന്ന് സ്പീക്കര്‍ കെ.ആര്‍.രമേഷ് കുമാര്‍ പറഞ്ഞു. ഇന്ന് സഭയില്‍ എന്തൊക്കെ നടക്കുമെന്ന് അറിയില്ലെന്നും അതിനാലാണ് രാജിക്കത്തും കൊണ്ട് എത്തിയതെന്നും സ്പീക്കര്‍ രമേഷ് കുമാര്‍ പറഞ്ഞു. അതേസമയം, ബെംഗളൂരു നഗരത്തില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരു പൊലീസ് കമ്മീഷണര്‍ അലോക് വര്‍മയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയുമാണ് നിരോധനാജ്ഞ. നഗരത്തിലെ പബുകളും മദ്യശാലകളും 25-ാം തീയതി വരെ അടച്ചിടണം. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.