ഇന്ത്യൻ ചാരനെന്ന് ആരോപിച്ച് പാകിസ്ഥാൻ തടവിലിട്ടിരിക്കുന്ന മുൻ നാവിക ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന്റെ കേസിൽ അടുത്ത വര്ഷം ഫെബ്രുവരിയിൽ വാദം കേൾക്കുമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഫെബ്രുവരി 18 മുതൽ 21 വരെയായിരിക്കും കേസിന്റെ വാദം കേൾക്കുക.
ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് പാകിസ്ഥാൻ വധശിക്ഷ വിധിച്ച ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. കുൽഭൂഷൺ ജാദവിനെ 2016 മാർച്ച് മൂന്നിന് ബലൂചിസ്ഥാനിൽ നിന്നും അറസ്റ്റ് ചെയ്തുവെന്നാണ് പാകിസ്ഥാന്റെ വാദം. എന്നാൽ ഇറാനിൽ നിന്നും ജാദവിനെ പാകിസ്ഥാൻ ഏജൻസികൾ തട്ടിക്കൊണ്ടുപോയെന്നാണ് ഇന്ത്യൻ നിലപാട്.
ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണ് ജാദവെന്നാണ് പാകിസ്ഥാന്റെ ആരോപണം. തുടർന്ന് പാക് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചു. എന്നാൽ ഇന്ത്യ നൽകിയ ഹർജിയിൽ കഴിഞ്ഞ വർഷം മേയ് എട്ടിന് ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. 2017 മേയ് 18ന് കേസിൽ അന്തിമ വിധി വരുന്നത് വരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.