കൊല്ലം: പുനലൂരിൽ കായികമന്ത്രി വി അബ്ദുറഹിമാൻ പങ്കെടുത്ത പരിപാടിയിൽ എത്താതിരുന്ന കുടുംബശ്രീ അംഗങ്ങൾക്ക് പിഴയൊടുക്കാൻ നിർദ്ദേശം. പുനലൂർ നഗരസഭയിലെ ഇൻഡോർ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാത്ത അയൽക്കൂട്ടം അംഗങ്ങൾ പിഴയായി നൂറ് രൂപ വീതം നൽകണമെന്നാണ് സിഡിഎസ് ഭാരവാഹികൾ നിർദ്ദേശിച്ചത്. ഇത്തരത്തിൽ നിർദ്ദേശം നൽകുന്ന സിഡിഎസ് ഭാരവാഹികളുടെ ശബ്ദസന്ദേശം പുറത്തുവന്നു.
കൊല്ലം പുനലൂരിൽ കായിക മന്ത്രി അബ്ദുറഹിമാൻ പങ്കെടുത്ത ഇൻഡോർ സ്‌റ്റേഡിയത്തിന്‍റെ ഉദ്ഘാടനച്ചടങ്ങിലും അനുബന്ധയോഗങ്ങളിലും പങ്കെടുക്കാതിരുന്ന കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങൾക്കാണ് പിഴ ചുമത്തുന്നത്. മന്ത്രിയുടെ ചടങ്ങിൽ കുടുംബശ്രീ അംഗങ്ങളുടെ പ്രാതിനിധ്യം കുറഞ്ഞതോടെയാണ് സിഡിഎസ് ഭാരവാഹികൾ പിഴ അടയ്ക്കണമെന്ന നിർദ്ദേശം നൽകിയത്. പിഴ നൽകണമെന്ന് വ്യക്തമായി നിർദേശം നൽകുന്ന സിഡിഎസ് വൈസ് ചെയർപേഴ്സൺ ഗീതാ ബാബു, മുൻ കൗൺസിലർ സരോജ ദേവി എന്നിവരുടെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.
മന്ത്രിമാർ പങ്കെടുക്കുന്ന ചടങ്ങിൽ ആളെ കൂട്ടുന്നതിനായി കുടുംബശ്രീ അംഗങ്ങളെ നിർബന്ധപൂർവം കൊണ്ടുപോകുന്നതായ ഒട്ടനവധി പരാതികൾ ഉയരുന്നതിനിടയിലാണ് പുതിയ വിവാദം. പിഴ ചുമത്തിയും ഭീഷണിപ്പെടുത്തിയും കുടുംബശ്രീ, അയൽക്കൂട്ടം അംഗങ്ങളെ പൊതു ചടങ്ങുകളിൽ പങ്കെടുപ്പിക്കുന്ന ഇടത് ജനപ്രതിനിധികളുടെയും നേതാക്കളുടെയും നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.