ഡോ. സിസ തോമസിന് വി.സിയായി തുടരാമെന്ന് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

കൊച്ചി: കേരള സാങ്കേതിക സർവകലാശാല വി.സി നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി. വിസി ആയി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടറായ സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.  സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസിലറുടെ ചുമതല ഡോ. സിസ തോമസിന് നൽകിയ ചാൻസിലറായ ഗവർണറുടെ ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഡോ. സിസ തോമസിനെ പ്രവർത്തിക്കാൻ അനുവദിക്കാത്തത് ശരിയല്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിരീക്ഷിച്ചു. രണ്ടോ മൂന്നോ മാസത്തിനകം സ്ഥിരം വിസിയെ നിയമിക്കണമെന്നും ഇതിനായി സെലക്ഷൻ കമ്മിറ്റി രൂപീകരിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ചാൻസിലറുടെ നടപടിയിൽ തെറ്റൊന്നും കാണുന്നില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ചാൻ‌സിലർ കൂടിയായ ഗവർണറുടെ നടപടിക്കെതിരെ സർക്കാർ ഹർജിയുമായി വന്നത് അത്യപൂർവമായ നീക്കമാണ്. യുജിസി മാനദണ്ഡപ്രകാരം യോഗ്യത ഇല്ലാത്ത അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ശുപാര്‍ശ ചെയ്ത സര്‍ക്കാര്‍ നടപടി തെറ്റാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ക്ക് വി.സിയാകാന്‍ സാധിക്കില്ല. ഇത് അറിഞ്ഞുകൊണ്ടുതന്നെയാണ് അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേര് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തെന്നും കോടതി വിമര്‍ശിച്ചു. എന്നാൽ ചാൻസിലർ യുജിസി ചട്ടങ്ങൾക്ക് വിധേയമായി പ്രവർത്തിക്കേണ്ടയാളാണ്. അതുകൊണ്ടുതന്നെ സർക്കാർ നൽകിയ ഹർജി നിലനിൽക്കുന്നതാണെന്നും കോടതി പറഞ്ഞു.

കെടിയു വിസിയായിരുന്ന ഡോ. എം.എസ് രാജശ്രീയുടെ നിയമനം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്‍റ് ഡയറക്ടറായ ഡോ. സിസ തോമസിനു താൽക്കാലിക ചുമതല നൽകി ചാന്‍സിലർ കൂടിയായ ഗവർണർ ഉത്തരവിട്ടത്.

Comments (0)
Add Comment