സാങ്കേതിക സര്‍വ്വകലാശാല പരീക്ഷയിലെ കെ.ടി. ജലീലിന്റെ ഇടപെടല്‍: മറുപടി ഉരുണ്ടുകളി; വിശദീകരണം അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതും – രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, October 23, 2019

തിരുവനന്തപുരം: സംസ്ഥാന സാങ്കേതിക സര്‍വ്വകലാശാലയിലെ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് കമ്മിറ്റി രൂപീകരിക്കാന്‍ വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക്  നേരിട്ട് ഉത്തരവ് നല്‍കിയെന്ന ആരോപണത്തിന് മന്ത്രിയുടെ ഓഫീസ് നല്‍കിയ വിശദീകരണം അവ്യക്തവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.
വൈസ്ചാന്‍സലര്‍ക്ക് മന്ത്രി നേരിട്ട് ഉത്തരവ് നല്‍കിയെന്ന വസ്തുത മന്ത്രിയുടെ ഓഫീസ് നിഷേധിച്ചിട്ടില്ല. ഇങ്ങനെ സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ക്ക്  ഉത്തരവ് നല്‍കാന്‍ മന്ത്രിക്ക് അധികാരമില്ല. അന്ന് വൈസ് ചാന്‍സലറുടെ ചുമതല വഹിച്ചിരുന്ന വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉഷാടൈറ്റസിനാണ് നിര്‍ദ്ദേശം നല്‍കിയതെന്നാണ് വിശദീകരണക്കുറിപ്പില്‍ പറയുന്നത്. അങ്ങനെയെങ്കില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നാണ് രേഖപ്പെടുത്തേണ്ടത്. ഇവിടെയാകട്ടെ വി.സി, കെ.ടി.യു എന്ന് എഴുതിയാണ് മന്ത്രി ഉത്തരവ് നല്‍കിയത്.
24-06-2017 ല്‍ ചേര്‍ന്ന അക്കാദമിക് കൗണ്‍സിലാണ് എക്‌സാമിനേഷന്‍ മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചതെന്നാണ് മന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്. എന്നാല്‍ പുതുതായി ഒരു കമ്മിറ്റി രൂപീകരിക്കുന്നു എന്ന് നിലയിലാണ് 19-11-18 ല്‍ സര്‍വ്വകലാശാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. 18-11-19 ല്‍ മന്ത്രി നല്‍കിയ ഉത്തരവിലും പുതിയ ഒരു കമ്മിറ്റി രൂപീകരിക്കുന്ന തരത്തിലാണ് നിര്‍ദ്ദേശമുള്ളത്. ഇനി കമ്മിറ്റി നേരത്തെ നിലവിലുള്ള   കമ്മിറ്റി പുനസംഘടിപ്പിക്കുകയാണെങ്കില്‍ സ്വാഭാവികമായും ഉത്തരവില്‍ അത് വ്യക്തമാക്കേണ്ടതായിരുന്നു. മൂല്യനിര്‍ണ്ണയ ജോലികള്‍ നടത്തുന്ന അദ്ധ്യാപകരുടെ പ്രതിഫല കുടിശിക ഉള്‍പ്പടെയുള്ള പരാതികള്‍ പരിശോധിക്കുന്നതിനാണ് ഫിനാന്‍സ് ഓഫീസറെ കൂടെ ഉള്‍പ്പെടുത്തി ഇ.എം.സി കമ്മിറ്റി വിപുലീകരിക്കാന്‍ വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് വിശദീകരണക്കുറിപ്പില്‍  പറയുന്നു. അങ്ങനെയെങ്കില്‍ സര്‍വ്വകലാശാലയുടെ ഉത്തരവില്‍ കമ്മിറ്റി വിപുലീകരിക്കുന്നു എന്നല്ലേ പറയേണ്ടത്. അക്കാദമിക് കൗണ്‍സിലിലും ഇത് എന്തു കൊണ്ട് റിപ്പോര്‍ട്ട് ചെയ്തില്ല? വിശദീകരണക്കുറിപ്പില്‍ ഇക്കാര്യത്തില്‍ ഉരുണ്ടുകളിയാണ് നടത്തുന്നത്. പലതും മറച്ചു വയ്ക്കുകയാണ്.
ചോദ്യപേപ്പറും സ്‌കീമും തയ്യാറാക്കുന്നതിന് (Question paper and Sceme of valuation preparation and its scrutiny) പരീക്ഷാ കണ്‍ട്രോളര്‍ക്ക് മാത്രമുണ്ടായിരുന്ന അധികാരത്തില്‍ എന്തിന് വെള്ളം ചേര്‍ത്തു എന്ന പ്രതിപക്ഷ നേതാവിന്റെ കാതലായ ചോദ്യത്തിന് മറുപടി നല്‍കിയിട്ടില്ല.  ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിനുള്ള ചുമതല സര്‍വ്വകലാശാലാ ആക്ടിന് വിരുദ്ധമായി ഡീനിനു കൂടി എന്തിന് നല്‍കി എന്ന ചോദ്യത്തിനും മന്ത്രിയുടെ ഓഫീസ് നിശബ്ദത പാലിക്കുന്നു. വിപുലമായ ാെരു കമ്മിറ്റിക്ക് ചുമതല പോകുന്നതോടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുമെന്നും ചോദ്യപേപ്പര്‍ ചോരുന്നതിന് സാദ്ധ്യത വര്‍ദ്ധിക്കുമെന്നുമുള്ള പ്രതിപക്ഷ നേതാവിന്റെ ആശങ്കയ്ക്കും  വിശദീകരണക്കുറിപ്പില്‍ മറുപടി ഇല്ല.  വി.സിക്ക് നേരിട്ട് മന്ത്രി ഉത്തരവ് നല്‍കുന്നതും പരീക്ഷ സംബന്ധിച്ച ജോലികളുടെ കാര്യത്തില്‍ പരീക്ഷാ കണ്‍ട്രോളര്‍ക്കുണ്ടായിരുന്ന ഉത്തരവാദിത്തം വെട്ടിക്കുറയ്ക്കുന്നതും  സര്‍വ്വകലാശാലയുടെ സ്വയംഭരണത്തിലെ കൈകടത്തലും കണ്‍ട്രോളറുടെ അധികാരങ്ങള്‍ കവരുന്നതുമല്ലെന്ന മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തല്‍ വിചിത്രമാണ്. ഈ വിശദീകരണക്കുറിപ്പോടെ ഇത് സംബന്ധിച്ച ദുരൂഹത വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്.