സ്വർണക്കടത്ത് കേസ് : പ്രതി കെ.ടി റമീസിനെ ഏഴ് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു

Jaihind News Bureau
Tuesday, July 28, 2020

നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ പ്രതി കെ.ടി റമീസിനെ ഏഴ് ദിവസത്തേക്ക് എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു. ഇയാളുടെ നിർദേശ പ്രകാരമാണ് സ്വർണക്കടത്ത് നടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ലോക്ക് ഡൗൺ സമയത്ത് പരമാവധി സ്വർണം കടത്താൻ ഇയാൾ മറ്റുള്ളവരെ നിർബന്ധിച്ചിട്ടുണ്ടെന്നാണ് സൂചന. നേരത്തെ, സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും കോടതി അഞ്ചു ദിവസത്തേക്ക് കസ്റ്റംസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

അതേസമയം, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ തുടർച്ചയായ രണ്ടാം ദിവസവും എൻ.ഐ.എ ചോദ്യം ചെയ്യുകയാണ്. പത്ത് മണിക്കാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഇന്നത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിനും സർക്കാരിനും ഏറെ നിർണ്ണായകമാണ്. അറസ്റ്റ് ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് എൻഐഎ നീങ്ങുമോ എന്ന് ഉച്ചക്ക് ശേഷം വ്യക്തമാവും. ഇന്നലെ 9 മണിക്കൂർ എം. ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു.

കസ്റ്റംസിന്‍റെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി കെ.ടി. റമീസിനെ കഴിഞ്ഞ ദിവസം സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് എൻഐഎ കോടതിയിൽ അന്വേഷണ സംഘം നൽകിയ അപേക്ഷ പരിഗണിച്ചാണ് ഏഴു ദിവസത്തേക്ക് എൻഐഎ അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്.

ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ചോദ്യം ചെയ്യുന്നതിനായി റമീസിനെ എൻഐഎ ഓഫീസിൽ എത്തിച്ചത്. ഇപ്പോൾ എൻഐഎ ചോദ്യം ചെയ്യുന്ന എം. ശിവശങ്കറുമായി റമീസിന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷണ സംഘം പരിശോധിക്കുക. ഇതിനായി ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വർണക്കടത്ത് നടന്നിരുന്ന കാലയളവിൽ, ശിവശങ്കർ താമസിച്ച അതേ ഹോട്ടലിൽ റമീസും സന്ദീപും താമസിച്ചിരുന്നു എന്ന വിവരങ്ങൾ എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതില്‍ ഇരുവരെയും ബന്ധിപ്പിക്കുന്ന എന്തെങ്കിലും കണ്ടെത്താനാകുന്ന പക്ഷം ശിവശങ്കറിന്‍റെ മേലുള്ള കുരുക്ക് മുറുകും.

സ്വർണക്കടത്തിനു പുറമേ മാൻവേട്ട, തോക്ക് കടത്ത് കേസുകളിലും പ്രതിയായ റമീസ് നേരത്തെ തന്നെ ഡിആർഐ ഉൾപ്പടെയുള്ള ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.